Home Movie Review Mohanlal Movie Review by BMK | Starring Manju Warrier

Mohanlal Movie Review by BMK | Starring Manju Warrier

1020
0
SHARE

Movie Review-Mohanlal (2018) by BMK | Starring Manju Warrier

Cast and Crew

Directed by:Sajid Yahiya
Produced by:Anil Kumar
Screenplay by:Suneesh Varanad
Story by:Sajid Yahiya
Narrated by:Prithviraj Sukumaran
Music by:Tony Joseph
Score by:Prakash Alex
Cinematography:Shaji Kumar
Edited by:Shameer Muhammed
Production company:Mindset Movies
Distributed by:Full On Studio Frames

Release date:14 April 2018 (India)

Language:Malayalam

Running Time:2 Hours 45 Minutes

Starring: Manju Warrier, Indrajith Sukumaran, Salim Kumar, Aju Varghese, Shebin Benson, Soubin Shahir, Siddique.

താരാരാധന പ്രേമയമാക്കി ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. രസികൻ, വൺവേ ടിക്കറ്റ്,പോക്കിരി സൈമൺ  തുടങ്ങിയവ  ഉദാഹരണം..എന്നാൽ കഥയില്ലായ്മ മൂലം കേവലം കെട്ടുകാഴ്ചകളായി മാറിയ ഈ സിനിമകൾ  ബോക്സ് ഓഫീസ്സ് ദുരന്തങ്ങൾ ആയി തീരാനായിരുന്നു വിധി.

ഇപ്പോഴിതാ മറ്റൊരു താരാരാധന പ്രേമേയമാക്കിയ ഒരു ചിത്രം കൂടി തിയേറ്ററിൽ എത്തിയിരിക്കുന്നു. മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ കടുത്ത ആരാധികയായ ഒരു സാധാരണ പെൺകുട്ടിയുടെ കഥപറയുന്ന “മോഹൻ ലാൽ” എന്ന ചിത്രം.

മോഹൻലാൽ എന്ന താരത്തിന്റെ സ്വീകാര്യതയും ജനപ്രീതിയും “മോഹൻലാൽ” എന്ന സിനിമയ്ക്ക് നേടാൻ കഴിഞ്ഞോ എന്നാണീ നിരൂപണം പരിശോധിക്കുന്നത്..

കഥാസാരം:

“പുലിമുരുകൻ” എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം രാത്രി  സേതു (ഇന്ദ്രജിത്) എന്ന യുവാവ് ഒരു റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നു..പാതിരാത്രിയിൽ തീർത്തും വിജനമായ ആ സ്റ്റേഷനിൽ അയാൾ ഇറങ്ങുന്നത് വ്യക്തമായ ചില ഉദ്ദേശങ്ങളോട് കൂടിയാണ് ….എന്നാൽ അവിടെ വെച്ച് അയാൾ  അപരിചിതനായ  ഒരു നാടോടി അല്ലെങ്കിൽ ഭിക്ഷാടകൻ എന്ന് വിളിക്കാവുന്ന ഒരാളെ (സൗബിൻ ഷാഹിർ)  കണ്ടുമുട്ടുന്നു. സന്ദർഭവശാൽ സേതു  തന്റെ ജീവിതകഥ ആ തെരുവുയാചകനോട് പറയുന്നത് മുതൽ  “മോഹൻലാൽ” എന്ന ചിത്രം ആരംഭിക്കുന്നു.

മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറിയ നവോദയായുടെ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സിനിമ റിലീസ് ആവുന്ന ദിവസമാണ്  കഥാനായിക മീനാക്ഷി(മഞ്ജു വാരിയർ) ജനിക്കുന്നത്..സേതുവും മീനാക്ഷിയും കളികൂട്ടുകാരായിരുന്നു…..മീനാക്ഷി വളരുന്നതിന്  ഒപ്പം അവൾക്കുളിൽ മോഹൻലാൽ എന്ന താരത്തിനോടുള്ള ആരാധനയും, ഇഷ്ടവും കൂടി കൂടി വന്നു..അവളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന,സ്വാധീനം ചെലുത്തുന്ന വ്യക്തിയായി മോഹൻലാൽ എന്ന താരം മാറുന്നു.

അവരുടെ ബാല്യവും കൗമാരവും അങ്ങെനെ കടന്നു പോകുന്നു.ഒരിക്കൽ സേതു തന്റെ  ഇഷ്ടം മീനുവിനെ അറിയിക്കുകയും ആ പ്രണയം വിവാഹത്തിൽ കലാശിക്കുകയും ചെയ്യുന്നു….എന്നാൽ വിവാഹ ശേഷവും മീനുവിന് മോഹൻലാലിനോടുള്ള ആരാധന ഒട്ടും കുറയുന്നില്ലെന്നു മാത്രമല്ല ചിലപ്പോളൊക്കെ  അത് ഒരു മനോവൈകല്യമായി മാറുന്നു. മീനുവിന്റെ ഈ അമിത താരാരാധന അവരുടെ ജീവിതത്തിൽ ഒരുപാടു പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായ സേതു ഒടുവിൽ ട്രാൻസ്ഫെറിന്റെ ഭാഗമായി ഗ്രാമത്തിൽ നിന്നും പട്ടണത്തിൽ എത്തി ചേരുന്നു..മീനുവിന്റെ സ്വഭാവത്തിൽ ഒരു മാറ്റം  പ്രേതീക്ഷിച്ചു നഗരത്തിൽ എത്തിയ സേതുവിനെ കാത്തിരുന്നത് കൂടുതൽ വലിയ ജീവിത സംഘർഷങ്ങളാണ്.

മീനുവിന്റെ മോഹൻലാൽ ആരാധന മൂലം സേതുവിന്റെയും,മീനാക്ഷിയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും തുടർ സംഭവവികാസങ്ങളുമാണ്  മോഹൻലാൽ എന്ന ചിത്രം പ്രേക്ഷകനുമായി സംവേദിക്കുന്നത്.

നിരൂപണം:

മീനാക്ഷി എന്ന കഥാപാത്ര നിർമ്മിതിയിൽ വന്ന പോരായ്മകളാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ന്യൂനത…ഒരു സിനിമാതാരത്തിനോട് ആരാധന തോന്നുന്നതും അത് ചിലപ്പോൾ അതിരു കടക്കുന്നതും ഒക്കെ സർവസാധാരണമാണ്.

എന്നാൽ ഈ സിനിമയിലെ മീനാക്ഷിയുടെ പല പ്രവർത്തികളും കേവലം ഒരു താരാരാധനയ്ക്കപ്പുറം മനോവൈകല്യത്തിന്റെ, വിഭ്രാന്തിയുടെ  തലങ്ങളിലേക്ക്  കടക്കുന്നു. എത്ര വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും അതൊന്നും മീനാക്ഷിയുടെ ജീവിതത്തെ സ്പർശിക്കുന്നതായി കാണിക്കുന്നില്ല.

മറിച്ചു അപ്പോഴും അവൾ ആരാധനയിൽ ഊന്നിയ ചേഷ്ടകളും പെരുമാറ്റവുമായി ജീവിക്കുന്നു..കഥാപാത്രത്തിന്റെ ഈ സ്ഥിരതയില്ലായ്മയും അസ്വാഭാവികതയും പ്രേക്ഷകനിൽ സംശയങ്ങളും ഒപ്പം വിരസതയും സമ്മാനിക്കുന്നു.

മീനാക്ഷി എന്ത് കൊണ്ട് ഇങ്ങെനെയൊക്കെ  പെരുമാറുന്നു എന്ന് ക്ലൈമാക്സിൽ പറയുന്നുണ്ടെങ്കിലും അത് യുക്തിസഹമോ വിശ്വസനീയമോ അല്ല. പ്രകടനത്തിൽ എടുത്തു പറയേണ്ടത് ഇന്ദ്രജിത്തിന്റെ അഭിനയമാണ്.

മീനാക്ഷി മൂലം  ജീവിതത്തിൽ ഉണ്ടാവുന്ന ധർമ്മസങ്കടങ്ങളും, നർമ്മഭാവങ്ങളുമെല്ലാം ഇന്ദ്രജിത് പക്വതയോടെ  അവതരിപ്പിച്ചിരിക്കുന്നു.. അഭിനന്ദനം അർഹിക്കുന്ന പ്രകടനം.

ആദ്യപകുതിയിൽ മഞ്ജു വാരിയർ സ്‌ക്രീനിൽ നടത്തുന്ന പ്രകടനം പലപ്പോഴും സ്വാഭാവികതയില്ലാത്ത അഭിനയമായി  അനുഭവപ്പെടുന്നു…

ചില മുൻകാല ചിത്രങ്ങളിൽ ഉർവശി മനോഹരമായി അവതരിപ്പിച്ച  കഥാപാത്രങ്ങളുടെ വികലമായ അനുകരണമായി  മാത്രം  അത് ഒതുങ്ങുന്നു.

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പ്രതിനിധിയായി ബിജുക്കുട്ടൻ തന്റെ റോൾ ഗംഭീരമാക്കി. ചെറിയ വേഷമാണെങ്കിലും സിദ്ദിക്കും നന്നായി…കോട്ടയം പ്രദീപിന്റെ കോമഡിയും കൈയടി നേടുന്നു.

മാർക്കറ്റ് ഭരിക്കുന്ന ഗുണ്ടയായി വരുന്ന സാത്താൻ ജോസും (സലിം കുമാർ) അനുയായികളും ചിരിപ്പിക്കാൻ വേണ്ടി നടത്തുന്ന കോപ്രായങ്ങൾ വെറും കോമാളിത്തരമായി മാറുന്ന കാഴ്ച വേദനാജനകമാണ്…(ഒന്ന് രണ്ടു സീനിൽ സലിംകുമാർ നമ്മളെ ചിരിപ്പിക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല).

സേതുവിന്റെയും മീനാക്ഷിയുടെയും കുട്ടിക്കാലം അവതരിപ്പിച്ച ബാലതാരങ്ങളും പ്രേക്ഷക പ്രീതി നേടുന്നു.സൗബിൻ ഷഹിറിന്റെ നർമ്മ സംഭാഷണങ്ങൾ ചിരിക്കാനുള്ള വക നൽകുന്നു.

കഥയിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ മനപ്പൂർവം തിരുകി കയറ്റിയ അജു വർഗീസിന്റെ അമോദ് എന്ന കഥാപാത്രം സിനിമയിൽ ഉടനീളം മുഴച്ചു നിൽക്കുന്നു …അജുവിന്റെ പ്രകടനവും ഒട്ടും മതിപ്പുളവാക്കുന്നില്ല.

മോഹൻലാൽ അഭിനയിച്ചു അനശ്വരമാക്കിയ “വെള്ളാനകളുടെ നാട്” എന്ന സിനിമയിലെ കോൺട്രാക്ടർ, സി.പിയുടെ  രൂപഭാവങ്ങളുമായി ഹരീഷ് കണാരൻ സ്‌ക്രീനിൽ വരുന്നത് എന്തിനാണെന്ന് ദുരൂഹമായ ഒരു ചോദ്യമായി അവശേഷിക്കുന്നു.

കോൺട്രാക്ടറുടെ തൊഴിലാളികൾ ഭക്ഷണം ഉണ്ടാക്കാൻ ഒരു വീട്ടിൽ വരുന്ന വെള്ളാനകളുടെ നാട്ടിലെ രംഗവും ഒരാവശ്യവുമില്ലാതെ ചിത്രത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നു.

മോഹൻലാൽ ഫാൻസിനെ സന്തോഷിപ്പിക്കുവാനും അവർക്കു ആഘോഷിക്കുവാനുള്ള  അവസരവും നല്കാൻ  പാകത്തിൽ നിരവധി രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫാൻസ്‌ അസോസിയേഷന്റെ കൂട്ടായ്മയും നല്ല കാര്യങ്ങൾ ചെയ്യാൻ ഒരു മനസ്സോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഫാൻസ്‌ അസോസിയേഷനുകളുടെ നല്ല വശങ്ങൾ കാണിച്ചത് അഭിനന്ദനമർഹിക്കുന്നു.

മോഹൻലാൽ എന്ന ഈ സിനിമയുടെ ഗാനങ്ങൾ ഒരിക്കിയിരിക്കുന്നത് ടോണി ജോസഫ് എന്ന സംഗീത സംവിധായകനാണ് ….ഇതിലെ “ലാലേട്ടാ” എന്ന് തുടങ്ങുന്ന പ്രാർത്ഥന ഇന്ദ്രജിത് ആലപിച്ച ഗാനം ആകർഷകവും മൂളി പാടാൻ തോന്നുന്നതുമാണ് ….മറ്റു ഗാനങ്ങൾ വലിയ പുതുമകളൊന്നും നൽകാതെ ചിത്രത്തിൽ വന്നു പോകുന്നു …

ചിത്രത്തിന്റെ സാധാരണ ഒഴുക്കിനനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കാൻ പ്രകാശ് അലെക്സിന് സാധിച്ചിട്ടുണ്ട്… ഷാജി കുമാറിന്റെ ക്യാമറകാഴ്ചകളും മനോഹരമാണ്.

ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആവശ്യമില്ലാത്ത ഒരുപിടി രംഗങ്ങളും ഒന്ന് രണ്ടു കഥാപാത്രങ്ങളെയും വെട്ടി ചുരുക്കി ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിരുന്നെങ്കിൽ മോഹൻലാൽ എന്ന സിനിമ കൂടുതൽ ആകർഷകമായിരുന്നേനെ.

ഉപസംഹാരം:

മോഹൻലാൽ  എന്ന താരത്തിനോട് ഒരു പെൺകുട്ടിയ്ക്കുണ്ടാവുന്ന ആരാധനയ്ക്കപ്പുറമുള്ള ഒരു വികാരം മൂലം അവളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ ഇതിവൃത്തമാക്കിയ സുനീഷ് വരനാടിന്റെ ബലഹീനമായ ഒറ്റവരി

തിരക്കഥയെ ലാലേട്ടൻ എന്ന അഭിനയപ്രതിഭ വെള്ളിത്തിരയിൽ അനശ്വരമാക്കിയ സിനിമകളിലെ  സംഭാഷണവും സീനുകളും പാട്ടുകളും കോമഡിയും എല്ലാം  കോർത്തിണക്കി രണ്ടു മണിക്കൂർ നാല്പത്തഞ്ചു മിനിട്ടു നീണ്ടു നിൽക്കുന്ന ഒരു മുഴുനീള  ചിത്രമാക്കി  മാറ്റാൻ സാജിദ് യഹിയ എന്ന സംവിധായകൻ നടത്തിയ അല്പം സാഹസികമായ ശ്രമത്തെ അഭിനന്ദിക്കുമ്പോഴും ഇവിടെ വില്ലനായി കടന്നു വന്നത് ഇടവേളക്കു ശേഷം എങ്ങോട്ടു പോകണം എന്ന് അറിയാതെ പകച്ചു നിൽക്കുന്ന കഥയും കരുത്തു ചോർന്നു പോയ ദുർബലമായ തിരക്കഥയുമാണ്..

ട്രെയ്‌ലറും,പാട്ടുകളും കണ്ട് അമിത പ്രതീക്ഷയില്ലാതെ മോഹൻലാൽ എന്ന നടനോടുള്ള എല്ലാ സ്നേഹവും മനസ്സിൽ ആവാഹിച്ചു തീയേറ്ററിൽ കാണാൻ പോയാൽ ഒരു പക്ഷേ “മോഹൻലാൽ”എന്ന സിനിമ  തൃപ്തി നൽകുന്ന ഒരു സിനിമ അനുഭവമായി മാറിയേക്കാം.

Rating:3/5

Review by: B.M.K
30.04.2018

SHARE
Previous articleThobama Trailer directed by Alphonse Puthren
Next article‘Odiyan’ teaser out, a fantasy thriller film by Mohanlal
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here