Home Movie Review Kammara Sambhavam Movie Review by BMK | Starring Dileep & Directed by...

Kammara Sambhavam Movie Review by BMK | Starring Dileep & Directed by Rathish Ambat

1006
0
SHARE

Movie Review: “Kammara Sambhavam” by Balu Murali Krishna [BMK]

Cast and Crew:

Direction:Rathish Ambat | Producer:Gokulam Gopalan | Script:Murali Gopy | Music:Gopi Sundar | Cinematography:Sunil K. S. | Editing:Suresh Urs | Distributed by: Graand Production
Release date:14 April 2018 | Running time:182 minutes
Language:Malayalam

Starring: Dileep, Siddharth, Murali Gopy, Namitha Pramod, Divya Prabha, Bobby Simha, Shweta Menon, Indrans, Siddique, Vijayaraghavan, Manikuttan, Vinay Fort.

ആമുഖം:

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നവാഗതനായ രതീഷ് അമ്പാട്ട്,മുരളീഗോപിയുടെ തിരക്കഥയിൽ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തു  വിഷുകാലത്തിറക്കിയ ചിത്രമാണ് “കമ്മാരസംഭവം”.പ്രേക്ഷകൻ പ്രതീക്ഷിച്ച വിഷുകൈനീട്ടമാണോ കമ്മാരസംഭവമെന്നാണ് ഈ നിരൂപണം പരിശോധിക്കുന്നത്…

കഥാസാരം:

വർത്തമാനകാല രാഷ്ട്രീയ സംഭവവികാസത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്….കേരളത്തിലെ ഇടതു വലതു സർക്കാരുകൾ അവരുടെ  മദ്യനയത്തിന്റെ ഭാഗമായി ബാറുകൾ തുറക്കുകയും പൂട്ടുകയും  ചെയ്യുന്നതിൽ  അസ്വസ്ഥരായ കുറച്ചു അംബ്‌കാരി പ്രമുഖർ (വിജയരാഘവൻ, വിനയ്‌ഫോർട്, ബൈജു, ഇന്ദ്രൻസ് തുടങ്ങിയവർ) ചേർന്ന് പുതിയ ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നു. കേരളത്തിൽ പതിവായ ഇടതു വലതു സർക്കാരുകൾക്ക് ബദലായി പുതിയ ഒരു രാഷ്ട്രീയ പാർട്ടി  രൂപികരിച്ചു

അടുത്ത ഭരണത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്ന ശക്തിയായി മാറുക…അതിനായി അവർ ഇന്ത്യൻ ലിബറേഷൻ പാർട്ടി (ILP)  എന്ന ചെറു പാർട്ടിയെ വീണ്ടും  സജീവമാക്കാൻ തീരുമാനിക്കുന്നു.

ആ പാർട്ടിയുടെ അമരത്തു പണ്ട് സ്വാത്രന്ത്യസമരത്തിൽ പങ്കെടുത്തു എന്ന് കരുതപ്പെടുന്ന തൊണ്ണൂറ്റി രണ്ടു വയസുള്ള കമ്മാരൻ നമ്പ്യാർ (ദിലീപ്)  എന്ന വാർദ്ധക്യം  ബാധിച്ചു കിടപ്പിലായ ആളെ പ്രതിഷ്ഠിക്കാൻ  തീരുമാനിക്കുന്നു.

അതിനായി അവർ തിരഞ്ഞെടുത്ത മാർഗമാണ്  തമിഴ്നാട്ടിൽ നിന്നും പുലികേശി (ബോബി സിൻഹ)എന്ന് പേരുള്ള തമിഴ് സംവിധായകനെ കേരളത്തിൽ  എത്തിച്ചു  കമ്മാരന്റെ ജീവിത കഥ സിനിമയാക്കി അതിലൂടെ കമ്മാരനെയും ILP പാർട്ടിയെയും ജനങ്ങളുടെ മനസ്സിൽ പുതിയ തരംഗമാക്കി മാറ്റുക ..അങ്ങനെ കമ്മാരൻ തന്റെ ജീവിത കഥ  പുലികേശിയോടെ പറയുന്നു.

കഥ കേട്ട പുലികേശി അബ്കാരി നേതാക്കളോട് പറയുന്നു, കമ്മാരൻ ശരിക്കും എം. ജി. ആർ അല്ല എം.ൻ.നമ്പ്യാറിനെ പോലെ  ക്രൂരനായ വില്ലൻ ആണെന്ന്. അങ്ങനെ അബ്കാരികൾക്കു വേണ്ടി കമ്മാരൻ പറഞ്ഞ കഥ അല്പം മാറ്റി പുലികേശി സംവിധാനം ചെയ്യാം എന്ന് സമ്മതിക്കുന്നു അങ്ങനെ പുതിയ സിനിമ “സംഭവം” എന്ന പേരിൽ റിലീസ് ആവുകയും അതിൽ യഥാർത്ഥത്തിൽ വില്ലനായിരുന്നു കമ്മാരൻ ധീരനായ പോരാളിയും ഇന്ത്യയ്ക്ക് സ്വാത്രന്ത്ര്യം ലഭിക്കാൻ പ്രധാന പങ്കുവഹിച്ച അറിയപ്പെടാതെ പോയിരുന്ന ചരിത്ര നായകനുമായി മാറുന്നു.

നിരൂപണം:

“History is a set of lies agreed upon.”
-Napoleon Bonaparte .”

ഈ  വരികളിൽ പറയുന്ന ആശയത്തിൽ  ഊന്നി മുരളി ഗോപി വലിയ ക്യാൻവാസിൽ ഒരുക്കിയ സങ്കീർണ്ണമായ തിരക്കഥയാണ് കമ്മാരസംഭവത്തിന്റെ അടിത്തറ. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലഘട്ടത്തിൽ തുടങ്ങി വർത്തമാനകാലത്തു  സമാപിക്കുന്ന കഥയിൽ വളരെ  ബുദ്ധിപൂർവ്വം ചരിത്രത്തിലെ സത്യവും അസത്യവും, സിനിമയും, രാഷ്ട്രീയവും, ആനുകാലിക

കേരളത്തിലെ സംഭവവികാസങ്ങളും എല്ലാം സമന്യയിപ്പിച്ചിരിക്കുന്നു. ഗാന്ധിജിയും, നെഹ്രുവും, സുബാഷ്ചന്ദ്രബോസുമൊക്കെ കഥാപാത്രങ്ങളായും,ഹിറ്റലറും ജർമ്മനിയും, ജപ്പാനും, ഈംഫല് യുദ്ധവും ഒക്കെ പരാമർശങ്ങളായും ചിത്രത്തിൽ വന്നു പോകുന്നു.

സിനിമയുടെ ആദ്യ പകുതിയിൽ മുരളി ഗോപി തിരക്കഥയിൽ  കാണിച്ച കൈയടക്കം രണ്ടാംപകുതിൽ, പ്രത്യേകിച്ചും ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളിൽ കൈമോശം വന്നു എന്നത് ഒരു പോരായ്മ തന്നെയാണ്. അതുപോലെ ക്ലൈമാക്സിൽ കമ്മാരൻ പറയുന്ന ചില ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള അടച്ചാക്ഷേപം ചിലരെ മനപ്പൂർവം വെള്ള പൂശാനാണെന്നുള്ളത് വ്യക്തമാണ്. തീർത്തും  അനവസരത്തിൽ ആവശ്യമില്ലാതെ ഉപയോഗിച്ചിരിക്കുന്ന ഇത്തരം പ്രയോഗങ്ങൾ ചിത്രത്തിന്റെ മാറ്റ് കുറയ്ക്കും എന്നത് ഒരു സത്യമാണ്.

ഒരു പുതുമുഖ സംവിധായകന്റെ പരിഭ്രമമോ,ഭയമോ ഇല്ലാതെ രണ്ടുകാലഘട്ടത്തിലൂടെ പോകുന്ന കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ രതീഷ് അമ്പാട്ടിനു സാധിച്ചിരിക്കുന്നു.

ആദ്യ പകുതിയിലെ ചരിത്രകഥാപശ്ചാത്തലവും അല്പസമയമാണെകിൽ കൂടിയും ചിത്രത്തിന്റെ  ഇടയിൽ കാണിക്കുന യുദ്ധരംഗവും ഗംഭീരമായി. അതിനു സുനിൽ കെ. സ് .ന്റെ ഛായാഗ്രഹണ മികവും വളരെ സഹായിച്ചിരിക്കുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭാസ്പർശം അടയാളപ്പെടുത്തുവാൻ രതീഷിനു കഴിഞ്ഞു എന്നതിൽ ഈ ചെറുപ്പക്കാരന് അഭിമാനിക്കാം.

ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു  നിൽക്കുന്ന ദിലീപിനെ മൂന്ന് വ്യത്യസ്‌ത ഗെറ്റപ്പിലും പിന്നെ ദിലീപ്  എന്ന  നടനായും അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ ആദ്യപകുതിയിലെ  ദിലീപിന്റെ  പ്രകടനം വളരെ മികച്ചതാണ്. മാസ്സ് രംഗങ്ങളിലും ദിലീപ് കയ്യടി നേടുന്നു. ദിലീപിനൊപ്പം തന്നെ പിടിച്ചു നിൽക്കുന്ന തകർപ്പൻ പ്രകടനവുമായി സിദ്ധാർഥ് പ്രേക്ഷക പ്രീതി നേടുന്നു എങ്കിലും സിദ്ധാർഥ്  സ്വയം ഡബ്ബ് ചെയ്ത  സംഭാഷണത്തിലെ  ഉച്ചാരണ ശുദ്ധിയില്ലായ്മ  ഒരു കല്ലുകടി തന്നെയാണ്.

നായികയായ നമിത പ്രമോദിന്  കാര്യമായി  ഒന്നും  തന്നെ ചെയ്യാനില്ലാത്ത  വേഷമാണ്  ഇതിലെ  ഭാനുമതി. മുരളിഗോപി പതിവ് ഭാവാദികളോടെ കേളു നമ്പ്യാർ  എന്ന വേഷം നല്ല രീതിയിൽ അവതരിപ്പിച്ചപ്പോൾ ശ്വേതാ മേനോൻ മലയിൽ മഹേശ്വരി എന്ന നെഗറ്റീവ് വേഷം അതിഭാവകത്വും കലർത്തിയ അഭിനയത്തിലൂടെ വികലമാക്കി. കമ്മാരന്റെ പെങ്ങളായി ദിവ്യപ്രഭയും പുലികേശിയായി ബോബി സിംഹയും തങ്ങളുടെ റോളുകൾ മികച്ചതാക്കി. സിദ്ദിഖ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംഭാഷണത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കുന്നു. കോഗ്നാൻ എന്ന ബ്രിട്ടീഷ് പോലീസ് ഓഫീസറുടെ വേഷം ചെയ്ത വിദേശ നടൻ ശോഭിച്ചില്ല.

“ഞാനോ രാവോ” എന്ന റഫീഖ് അഹമ്മദിന്റെ ഗാനം കേൾക്കാൻ സുഖമുള്ളതാണ്. മറ്റു ഗാനങ്ങൾ ശരാശരിയിൽ ഒതുങ്ങുന്നു. കമ്മാരനും മഹേശ്വരിക്കും ചിത്രത്തിൽ ഗോപി സുന്ദർ ഒരുക്കിയ ബിജിഎം ചടുലവും ആവേശം പകരുന്നതുമാണ്. എന്നാൽ പശ്ചാത്തല സംഗീതം മൊത്തത്തിൽ വലിയ പുതുമകളൊന്നും സമ്മാനിക്കുന്നില്ല.

രണ്ടു കാലഘട്ടത്തിലെ കഥാപാത്രങ്ങൾക്കും സമീറ സനീഷ് ഒരുക്കിയ വസ്ത്രാലങ്കാരം  മികവ് പുലർത്തി. വയസ്സനായ കമ്മാരന്റെ മേക്കപ്പ് അത്ര മികച്ചതായി തോന്നിയില്ല. പഴയ കാലഘട്ടം  പുനരവതരിപ്പിക്കുവാൻ കലാസംവിധായകൻ ഒരുക്കിയ പശ്ചാത്തലവും വസ്തുക്കളും നന്നായി എങ്കിലും ഇത്തരം ചരിത്ര സിനിമയിൽ പതിവായ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നും കൊണ്ടുവരുവാൻ കലാസംവിധായകന് സാധിച്ചിട്ടില്ല.

യുദ്ധരംഗങ്ങൾ മികവ് പുലർത്തിയപ്പോൾ ഓടുന്ന തീവണ്ടിക്കു മുകളിൽ ഒരുക്കിയ ഒരു സംഘട്ടന രംഗം ശരാശരി നിലവാരം പോലും പുലർത്തിയില്ല.

ഉപസംഹാരം:

മൂന്ന് മണിക്കൂർ രണ്ടു മിനിട്ടു  ദൈർഘ്യം ഉള്ള ചിത്രമാണ് കമ്മാരസംഭവം. ചരിത്രം പറയുന്ന മനോഹരമായ ആദ്യപകുതി. ചരിത്രത്തെ വളച്ചൊടിച്ച കമ്മാരന്റെ സിനിമയായി അവതരിപ്പിക്കുന്ന രണ്ടാം പകുതി. ബലഹീനമായ ക്ലൈമാക്സും മനപ്പൂർവം തിരുകികയറ്റിയ ചില അനാവശ്യ സംഭാഷണങ്ങൾ സമ്മാനിക്കുന്ന കല്ലുകടിയും. മുരളിഗോപി മനസ്സിൽ സങ്കല്പിച്ച ആക്ഷേപഹാസ്യം അതെ അർത്ഥത്തിലും വ്യാപ്തിയിലും എല്ലാത്തരം പ്രേക്ഷകനിലേക്കും എത്തിയോ എന്ന സംശയം ബാക്കി നിർത്തിക്കൊണ്ട് ഈ നിരൂപണം പൂർത്തിയാക്കുന്നു.

Rating: 3/5

Review by:
B.M.K
16.04.2018

SHARE
Previous article6th FRIDAY Suspense Thriller Short Film Trailer by Kaarthik Shankar
Next articleVarika Rasika | PANCHAVARNA THATHA | Video Song | Ramesh Pisharody | Nadirsha
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here