Movie Review: “Pathinettampadi”. By Balu Murali Krishna [BMK]
Cast and Crew:
Directed by: Shanker Ramakrishnan
Produced by: Shaji Nadesan,
KG Anilkumar (co producer)
Written by: Shanker Ramakrishnan
Music by: A.H. Kaashif
Cinematography: Sudeep Elamon
Edited by: Bhuvan Srinivasan
Release Date: 5 July 2019
Duration:159 Minutes
Starring: Chandunadh, Ahaana Krishna, Akshay Radhakrishnan, Ashwin Gopinath ,Wafa Khadeeja Rahman.
Cameo Apperance: Mammootty, Arya, Prithviraj, Manoj.K.Jayan, Suraj Venjaramoodu, Priyamani, Maniyanpilla Raju, Unni Mukuntan.
Review:
ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ എഴുതി, ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “പതിനെട്ടാം പടി “…!! അഭിനയം അറിയാവുന്ന ഒരു പറ്റം ചെറുപ്പക്കാരായ പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നുണ്ട് ശങ്കർ രാമകൃഷ്ണൻ “പതിനെട്ടാം പടിയിൽ”…!!
അതുപോലെ സമീപ കാലത്തു ഇത്രയും അധികം മുൻനിര താരങ്ങൾ അതിഥി വേഷത്തിൽ വന്ന മറ്റൊരു ചിത്രവും “പതിനെട്ടാം പടി” പോലെ ഉണ്ടായിരിക്കുകയില്ല. ആര്യ, പ്രിയാമണി, സാനിയ അയ്യപ്പൻ, മണിയൻപിള്ള രാജു, ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, മനോജ്.കെ.ജയൻ തുടങ്ങിയവർ അതിഥി വേഷങ്ങളിലും, മെഗാസ്റ്റാർ മമ്മൂട്ടിയും, പൃഥ്വിരാജ് സുകുമാരനും അല്പം നീളം കൂടിയ അതിഥി വേഷത്തിലും ചിത്രത്തിൽ അണിനിരക്കുന്നു.
തിരുവനന്തപുരം നഗരത്തിലെ രണ്ടു പ്രധാന സ്കൂളുകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. പാവപെട്ട, എന്നാൽ അധ്വാനിക്കാൻ മടിയില്ലാത്ത കുട്ടികൾ പഠിക്കുന്ന മോഡൽ സ്കൂൾ ആണ് ഒരെണ്ണം..അനീതി കണ്ടാൽ എതിർക്കുകയും, സ്കൂളിന്റെ വികസനം സ്വപ്നം കാണുകയും, അതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും, കൂട്ടത്തിൽ ഒരാളെ ആരെങ്കിലും തൊട്ടാൽ തൊട്ടവനെ കൂട്ടത്തോടെ തിരിച്ചടിക്കുകയും ചെയ്യുന്ന ഒരുപറ്റം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഇനി ധനികരായ കുട്ടികൾ പഠിക്കുന്ന ഇന്റർനാഷണൽ സ്കൂളാണ് രണ്ടാമത്തേത് ..ഇവിടെ ആൺ കുട്ടികളിൽ പ്രമുഖരായവരിൽ പലരും കള്ളും,കഞ്ചാവും,മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ്. പെൺകുട്ടികൾ എല്ലാവരും സുന്ദരികളും ആഡംബരമായി ജീവിക്കുന്നവരും ഒക്കെയാണ് …ഈ രണ്ടു സ്കൂളിലെയും ഗ്യാങ്ങുകൾ തമ്മിൽ പലപ്പോഴും പല വിഷയങ്ങളെ ചൊല്ലി അടിപിടിയും, സംഘർഷവും,തീവ്രമായ സംഘട്ടനങ്ങൾ ഒക്കെയാണ്.
സ്കൂൾ കാലഘട്ടത്തിൽ ഈ രണ്ടു സ്കൂളിലെയും കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും, ചീത്തയും ആയ കാര്യങ്ങൾ പിന്നീട് വളർന്നു മുതിർന്നവരായപ്പോൾ അവരെ എങ്ങെനെ സ്വാധീനിച്ചു, അവർക്കുണ്ടായ ജീവിത മാറ്റങ്ങൾ.
ഇതൊക്കെയാണ് ശങ്കർ രാമകൃഷ്ണൻ രണ്ടു മണിക്കൂർ നാൽപതു മിനുട്ട് നീളമുള്ള “പതിനെട്ടാം പടി” എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും ആകർഷകവും മികവുമായി തോന്നിയ ചില കാര്യങ്ങൾ ആദ്യം കുറിക്കട്ടെ ….!!
അടുത്തകാലത്ത് മലയാള സിനിമയിൽ നമ്മൾ കണ്ട ഏറ്റവും മികച്ച ഛായാഗ്രഹമാണ് “പതിനെട്ടാം പടിയിൽ” സുദീപ് ഇളമൊൻ നടത്തിയിരിക്കുന്നത്. ഡബിൾ ഡെക്കർ ബസിലെ സംഘടനരംഗങ്ങൾ ഒക്കെ ‘കിടു’ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഭുവൻ ശ്രീനിവാസന്റെ എഡിറ്റിംഗും വളരെ നല്ല മികവ് പുലർത്തി.
ചിത്രത്തിലെ ചില രംഗങ്ങൾ ഒക്കെ പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്നു എങ്കിൽ അതിനു നന്ദി പറയേണ്ടത് എ .എച് കാഷിഫ് എന്ന സംഗീത സംവിധായകൻ ഒരുക്കിയ കിടുക്കാച്ചി പശ്ചാത്തല സംഗീതം ഒന്ന് കൊണ്ട് മാത്രമാണ് ……അത്ര ഗംഭീരമായ ബി. ജി.എം ആണ് “പതിനെട്ടാം പടിയിൽ” നമ്മൾ കേൾക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്…ചിത്രത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്ന “അഗനഗ” എന്ന ഗാനം നല്ല ശബ്ദസംവിധാനങ്ങളുള്ള തീയേറ്ററിൽ കാണുമ്പോൾ ശരിക്കും ത്രസിപ്പിക്കുന്ന ഒരു അനുഭവം പ്രേക്ഷകന് സമ്മാനിക്കും. വിജയ് യേശുദാസ് പാടിയ “തൂമഞ്ഞു വീണ വഴിയേ” എന്ന ഗാനവും, സിതാര കൃഷ്ണകുമാർ പാടിയ “മഴയോട് ” എന്ന ഗാനവും ശ്രവ്യ സുന്ദരമാണ്.
ഗാനങ്ങൾ മികച്ചതാണെങ്കിലും എല്ലാ ഗാനങ്ങളും ചിത്രത്തിൽ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം ….പ്രത്യേകിച്ച് ഒരു ആവശ്യമോ പ്രസക്തിയോ ഇല്ലാതെ കാണിക്കുന്ന സാനിയ അയ്യപ്പന്റെ ഐറ്റം സോങ് ….!! സുപ്രീം സുന്ദർ ,മാസ്റ്റർ കെച്ച ,രാജശേഖർ എന്നിവർ ഒരുക്കിയ ചിത്രത്തിലെ ആക്ഷൻ കൊറിയോഗ്രഫി കയ്യടി അർഹിക്കുന്നു.
അതിമനോഹരമായി സംഘടന രംഗങ്ങൾ ഇവർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു….ഡബിൾ ഡെക്കർ ബസിലെ സംഘടനമാണ് ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്. ചന്ദുനാഥ് ,അക്ഷയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ് തുടങ്ങി ഇതിൽ പ്രധാന വേഷങ്ങളിൽ വന്ന പുതുമുഖങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഇവരിൽ പലരും വരുംകാല മലയാള സിനിമയിൽ സജീവമായി നിലനിൽക്കാൻ സാധ്യതയുള്ളവരാണ്. സംഭാഷണമുള്ള സ്ത്രീ കഥാപാത്രങ്ങൾ ഈ സിനിമയിൽ കുറവാണ്. പ്രിയാമണി ഏതാനും മിനുട്ടുകൾ മാത്രമാണ് സ്‌ക്രീനിൽ വരുന്നത്..ഐറ്റം സോങ്ങിൽ മാത്രം വരുന്ന സാനിയ അയ്യപ്പൻ ആരാണെന്നോ, എവിടെ നിന്ന് വന്നു എന്നോ ,എവിടേക്കു പോയെന്നോ ചിത്രത്തിൽ കാണിക്കുന്നില്ല. ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളായി വേഷമിടുന്നവരുടെ ഗ്ലാമർ മാത്രമേ സിനിമയിൽ ഉപയോഗിക്കുന്നുള്ളൂ. സംഭാഷണമുള്ള അഹാന കൃഷ്ണകുമാറിന്റെ അഭിനയ ശേഷി വേണ്ട രീതിയിൽ സിനിമയിൽ ഉപയോഗിക്കാനും സംവിധായകൻ ശ്രമിച്ചിട്ടില്ല.
മോഡൽ സ്കൂളിൽ പഠിക്കുന്ന അയ്യപ്പൻ എന്ന കഥാപാത്രത്തിന്റെ ഒരു “പ്രേമം ട്രാക്ക്” ഇടയ്ക്കു കാണിക്കുന്നുണ്ട് …പിന്നെ ആ പ്രേമത്തിന് എന്ത് പറ്റി എന്നും സിനിമയിൽ കാണിക്കുന്നില്ല.
ഇനി ചിത്രത്തിലെ പോരായ്മയായി തോന്നിയ ചില കാര്യങ്ങൾ..!! പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്..സാധാരണ പത്താം ക്ലാസ്സിലൊക്കെ പഠിക്കുമ്പോൾ ആ സ്കൂളിലെ തന്നെ രണ്ടു ഗ്രൂപ്പുകൾ, അല്ലെങ്കിൽ ഗ്യാങ്ങുകൾ.
അതല്ലെങ്കിൽ രണ്ടു സ്കൂളിലെ ഗ്രൂപ്പുകൾ തമ്മിൽ ചെറിയ, ചെറിയ കാര്യങ്ങൾക്കു വേണ്ടി വഴക്കുണ്ടാക്കുന്നതൊക്കെ മനസിലാക്കാം. ആ അടിക്കും, വഴക്കിനുമൊക്കെ ഒരു പരിധി ഉണ്ട്….ഒരു കുട്ടിക്കളിയുടെ ലക്ഷണവുമുണ്ട്.
എന്നാൽ “പതിനെട്ടാം പടി” എന്ന സിനിമയിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ കാണിക്കുന്നതും ,ചെയ്യുന്നതും ഒക്കെ ബോളിവുഡ് സിനിമകളിൽ കാണിക്കുന്ന അധോലോക /അണ്ടർ വേൾഡ് കഥകളിലെ ഗുണ്ടകളെ അനുസ്മരിപ്പിക്കുന്നതാണ് …..!!
കുട്ടികൾ തമ്മിൽ അതി തീവ്ര സംഘടനരംഗങ്ങൾ..!! (ഡബിൾ ഡെക്കർ ബസ് രംഗം). പഞ്ച നക്ഷത്ര ഹോട്ടലിലും,മറ്റു സ്ഥലങ്ങളിലും മദ്യവും,കഞ്ചാവും, മയക്കുമരുന്നും ഉപയോഗിക്കുകയും, പെണ്ണുങ്ങളുമായി അതിരു കവിഞ്ഞ രീതിയിൽ അഴിഞ്ഞാടുകയും ചെയ്യുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന ധനികരായ ആൺകുട്ടികൾ….!!
എന്തിനും മടിയില്ലാത്ത കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന പത്താം ക്ലാസ്സിലെ പെൺകുട്ടികൾ….!! ബസ് കത്തിക്കുന്ന സ്കൂൾ കുട്ടികൾ …!! അവകാശങ്ങളെ പറ്റിയും,അർഹമായ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെ കുറിച്ചും,ഭരണ പോരായ്മയെകുറിച്ചും ഒക്കെ മന്ത്രിയെ വരെ ബന്ദിയാക്കി ചോദിക്കുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ……..!! അങ്ങനെ വിശ്വസനീയമല്ലാത്ത, യഥാർത്ഥ ജീവിതവുമായി പുലബന്ധം പോലും ഇല്ലാത്ത പല രംഗങ്ങളും കല്ലുകടി സമ്മാനിക്കുന്നു എന്നതിൽ സംശയമില്ല.. കഥയാണ്, സിനിമയാണ്… അതിൽ ചോദ്യത്തിനോ യുക്തിക്കോ പ്രസക്തി ഇല്ല എന്ന മറുവാദം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ …”ഇത് മലയാളപടം കളിക്കുന്ന ടാക്കീസിൽ തെലുങ്ക് പടം കളിക്കുന്ന പോലെ ആയി പോയി” (ഈ സിനിമയിൽ തന്നെ ഉപയോഗിച്ച ഒരു സംഭാഷണമാണ്..)
ശത്രു രാജ്യവുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആർമിയിലെ മേജർ തന്റെ കൂടെ ഉള്ള മറ്റു പട്ടാളക്കാരോട് സ്കൂളിൽ പഠിച്ചപ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോ കാണിച്ചു അതിന്റെ നൊസ്റ്റാൾജിയ വർണ്ണിക്കുന്ന രംഗമൊക്കെ അതിശയോക്തി മാത്രമല്ല ചിരിയും പ്രേക്ഷകന് സമ്മാനിക്കുന്നു.
“പതിനെട്ടാം പടി” എന്ന ശങ്കർ രാമകൃഷ്ണന്റെ കന്നി സംവിധാന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും (പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരെ) ഒരുപോലെ തൃപ്തിപ്പെടുത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട് ….എന്നാൽ യുവജനങ്ങൾക്ക് ,പ്രത്യേകിച്ച് സ്കൂൾ -കോളേജ് കുട്ടികൾക്ക് ചിത്രം ഹരം നൽകും എന്ന കാര്യത്തിൽ തർക്കമില്ല.
സാങ്കേതിക വിഭാഗം വിശേഷിച്ചു ഛായാഗ്രഹണം,എഡിറ്റിംഗ് ,സ്റ്റണ്ട്,സംഗീതം,ബി. ജി. എം,പ്രൊഡക്ഷൻ ഡിസൈൻ എന്നിവ വളരെ മികവ് പുലർത്തിയ ഒരു ചിത്രം…പുതുമുഖ താരങ്ങൾ ഗംഭീര അഭിനയം കാഴ്ചവെച്ച ഒരു ചിത്രം.
ഒരു പാട് വലിയ താരങ്ങൾ നീളം കൂടിയും, കുറഞ്ഞുമുള്ള അതിഥി വേഷത്തിൽ എത്തിയ ചിത്രം. ഇതാണ് ശങ്കർ രാമകൃഷ്ണന്റെ “പതിനെട്ടാം പടി”…!!
Rating:3.25/5
Review by:B.M.K