Home Movie Review Kayamkulam Kochunni Movie Review by BMK | Starring Mohanlal | Nivin Pauly

Kayamkulam Kochunni Movie Review by BMK | Starring Mohanlal | Nivin Pauly

1063
0
SHARE

Movie Review: “കായംകുളം  കൊച്ചുണ്ണി

Directed by: Rosshan Andrrews
Produced by: Gokulam Gopalan
Written by:Bobby, Sanjay
Music by: Gopi Sundar
Cinematography: Binod Pradhan, Nirav Shah, Sudheer Palsane
Edited by: A. Sreekar Prasad
Distributed by: Gokulam Movies Release

Release date:11 October 2018
Running Time:2 Hours 50 Minutes
Budget:₹45 crore(Estimated)

അങ്ങനെ ഏറെ  കാത്തിരിപ്പിനോടുവിൽ “കായംകുളം  കൊച്ചുണ്ണി”എന്ന ചിത്രം റിലീസ് ആയി….ലോകമെങ്ങും റിലീസ് ചെയ്ത ചിത്രം ഏകദേശം നാൽപതു കോടി മുതൽ മുടക്കിലാണ് പൂർത്തിയായത്…. കേരളത്തിൽ മാത്രം 310  കേന്ദ്രങ്ങളിലാണ് കൊച്ചുണ്ണി ആദ്യ ദിവസം പ്രദർശിപ്പിക്കുന്നത്…അതും 1700 പ്രദർശനങ്ങൾ!!

പ്രാരംഭ  ചർച്ച തുടങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന  “കായംകുളം  കൊച്ചുണ്ണി” എന്ന ചിത്രം പ്രേക്ഷകരുടെ ഭീകരമായ പ്രതീക്ഷകൾക്കൊപ്പം ഉയർന്നോ എന്നാണ് ഈ നിരൂപണം പരിശോധിക്കുന്നത്.

ഐതിഹ്യമാലയിൽ നിന്നും മറ്റു ചില കഥകളിൽ നിന്നും പ്രചോദനം ഉൾകൊണ്ടുള്ള തിരക്കഥയാണ് ബോബി-സഞ്ജയ് ടീം  നമ്മുക്കേവർക്കും  കുട്ടികാലം മുതൽ കഥകളിലൂടെ പരിചിതമായ പാവങ്ങളുടെ പ്രിയപ്പെട്ട കള്ളൻ കൊച്ചുണ്ണിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ ദൃശ്യാനുഭവം ഒരുക്കുവാനായി ഉപയോഗിച്ചിരിക്കുന്നത്.

കഥാസാരം:

പട്ടിണി മൂലം കഷ്ടപ്പെടുന്ന ഒരു മുസ്ലിം കുടുംബമാണ് ബാപ്പുട്ടിയുടേത്. ഒരിക്കൽ അരി മോഷ്ടിച്ച് പിടിയിലായ ബാപ്പുട്ടിയെ അവിടുത്തെ ദേശക്കാർ മർദ്ധിച്ചവശനാക്കുന്നു. ഒടുവിൽ പട്ടിണി കിടന്നു മരിക്കാതിരിക്കാൻ ബാപ്പുട്ടിയുടെ  മകൻ ആ ദേശത്തു നിന്നും മറ്റൊരു ദേശത്തിൽ എത്തി ചേരുന്നു. അവനാണ് കൊച്ചുണ്ണി. അവൻ അവിടെ വളർന്നു യുവാവായി. പെണ്ണുങ്ങളെ ബഹുമാനിക്കുന്ന, കീഴ്ജാതിക്കാർക്കുവേണ്ടി എപ്പോഴും നിലകൊള്ളുന്ന നന്മയുള്ള അവനെ സ്നേഹിക്കാൻ ഒരു കീഴ്ജാതി പെണ്ണുമുണ്ടായി, അവളാണ് ജാനകി. ഒരിക്കൽ ചതിയിൽ പെടുത്തി നാട്ടിലെ അധികാരവർഗ്ഗം കൊച്ചുണ്ണിയെ   പിടികൂടുകയും മോഷ്ടാവായി മുദ്രകുത്തുകയും ചെയ്യുന്നു.

അങ്ങനെ ഒരു നിർണായക അവസരത്തിൽ കൊച്ചുണ്ണിയുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്ന ഒരു വ്യക്തി വരുന്നു, ഇത്തിക്കരപ്പക്കി…..!!

പക്കിയുമായുള്ള സൗഹൃദമാണ് കൊച്ചുണ്ണിയെ നമ്മൾ അറിയുന്ന കായംകുളം കൊച്ചുണ്ണി ആക്കി തീർക്കുന്നത്. പിന്നീട് കൊച്ചുണ്ണിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ്  റോഷൻ ആൻഡ്രൂസ് രണ്ടു മണിക്കൂർ അമ്പതു മിനുട്ടു ദൈർഖ്യമുള്ള “കായംകുളം കൊച്ചുണ്ണി” എന്ന ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

സാങ്കേതികവിഭാഗം:

ഒരു ചരിത്രകഥാപശ്ചാത്തലത്തിനു അനുയോജ്യമായ മികവാർന്ന കലാസംവിധാനമാണ് ചിത്രത്തിന്റേത്. പഴയ കാലഘട്ടം, വസ്തുക്കൾ, പീടിക, അങ്ങാടി, ഭക്ഷണസാധനങ്ങൾ, പാത്രങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ. ഇവയൊക്കെ മികവാർന്ന രീതിയിൽ ഒരുക്കിയിരിക്കുന്നു കലാസംവിധായകൻ. ഛായാഗ്രഹണവും ഗംഭീരമായി, അവസാന സംഘട്ടനമൊക്കെ   നല്ല രീതിയിൽ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. നീളം കൂടിയ ചിത്രത്തിന്റെ എഡിറ്റിംഗും നല്ല നിലവാരം പുലർത്തി. (ആദ്യ ഭാഗത്തെ ഐറ്റം ഡാൻസ് ഒഴിവാക്കാമായിരുന്നു….)

ആയോധന അടവുകളിൽ ശ്രേഷ്ഠനായിരുന്നു കൊച്ചുണ്ണി. കളരിയും മെഴ്‌വഴക്കവുമുള്ള ഒരു അഭ്യാസിയാണ്  കൊച്ചുണ്ണി എന്നത്കൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ഒന്നായിരുന്നു ഇതിന്റെ ആക്ഷൻ സീനുകൾ. ക്ലൈമാക്സ് രംഗങ്ങളിലെ ആക്ഷൻ കൊറിയോഗ്രഫി മികവ് പുലർത്തി. മറ്റു രംഗങ്ങളിൽ ആക്ഷൻ ആവറേജ് എന്ന് മാത്രമേ പറയുവാൻ കഴിയൂ.

ഗോപിസുന്ദർ ഒരുക്കിയ  പശ്ചാത്തല സംഗീതവും ഗംഭീരം എന്ന് പറയാൻ കഴിയില്ല, ചില ബി ജി എം പോർഷൻ കൊള്ളാമായിരുന്നു. എന്നാലും മൊത്തത്തിൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരി നിലവാരത്തിൽ ഒതുങ്ങുന്നു.

അഭിനയം:

കേന്ദ്രകഥാപാത്രമായ കൊച്ചുണ്ണിയെ നിവിൻപോളി രൂപത്തിലും  ഭാവത്തിലും പരമാവധി മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പല രംഗങ്ങളിലും പ്രത്യേകിച്ചും  ആദ്യ ഭാഗത്തു പലപ്പോഴും പതറി പോകുന്നത് വ്യക്തമായി പ്രേക്ഷകന് അനുഭവിക്കുവാൻ സാധിക്കുന്നു. പിന്നെ ആക്ഷൻ സീനുകളിൽ നിവിനുള്ള  ഒരു അനായാസത കുറവ് നന്നായി പ്രകടമാണ്. പക്ഷേ ക്ലൈമാക്സ് രംഗത്തിൽ നിവിൻ  ആക്ഷൻ നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

മോഹൻലാൽ ഇതിലെ ഇത്തിക്കരപ്പക്കി എന്ന സാധാരണയിൽ കൂടിയ നീളമുള്ള അഥിതി വേഷം ചെയ്യുന്നു എന്നത് വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. അത് ചിത്രത്തിന് നൽകിയ ഹൈപും ചില്ലറയല്ല. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസ് ഗംഭീരമായിരുന്നു. എന്നാൽ കൊട്ടിഘോഷിച്ചപോലുള്ള  ത്രസിപ്പിക്കുന്ന ഒരു അതിഥി വേഷമല്ല ഇതിലെ ലാലിന്റെ പക്കി എന്ന കഥാപാത്രം.

അഭിനയത്തിൽ ബാബു ആന്റണി നല്ല പ്രകടനം കാഴ്ചവെച്ചു. സണ്ണി വെയ്‌നും  മോശമാക്കിയില്ല. നായികയായ ജാനകി എന്ന കഥാപാത്രത്തിനും അതവതരിപ്പിച്ച   പ്രിയ ആനന്ദിനും വലിയ പ്രാധാന്യമൊന്നും സ്‌ക്രീനിൽ ലഭിക്കുന്നില്ല.

സംവിധാനം :

ഒരു പാട് സിനിമാറ്റിക് ആക്കാതെ സ്വാഭാവികമായ ദൃശ്യാഖ്യാനമാണ് റോഷൻ ആൻഡ്രൂസ് കൊച്ചുണ്ണിക്ക്‌ വേണ്ടി നടത്തിയിരിക്കുന്നത്. ആദ്യഭാഗത്തൊക്കെ വളരെ സമയമെടുത്താണ് കൊച്ചുണ്ണിയുടെ കുട്ടികാലം മുതൽ യുവത്വം  വരെയുള്ള കാലം അവതരിപ്പിച്ചിരിക്കുന്നത്. നല്ല ഗൃഹപാഠവും റിസേർച്ചും കൊച്ചുണ്ണിക്ക്‌ വേണ്ടി റോഷൻ നടത്തിയിട്ടുണ്ട് എന്ന ചിത്രം കാണുമ്പോൾ പ്രേക്ഷകന് കൃത്യമായി അനുഭവിക്കുവാൻ സാധിക്കുന്നു. അതിനു റോഷൻ ആൻഡ്രൂസ്  ഒരു അഭിനന്ദനം അർഹിക്കുന്നു.

സാരാംശം:

“കായംകുളം കൊച്ചുണ്ണി” വലിയ ക്യാൻവാസിൽ ഒരു പാട് താരങ്ങളെ ഉൾകൊള്ളിച്ചു കൊണ്ടു ഭീമമായ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ചിത്രമാണ്. ഗംഭീരമായ പ്രൊമോഷനും, വാർത്താപ്രാധാന്യവും ചിത്രത്തിന്റെ അണിയറപ്രവർത്തകർ കൊച്ചുണ്ണിക്ക്‌ നൽകിയിരുന്നു, ഇതെല്ലാം ഒരു സാധാരണ പ്രേക്ഷകന് നൽകുന്നത് വളരെ അമിതമായ പ്രതീക്ഷകളാണ്. പ്രേക്ഷകന്റെ ഈ അമിത പ്രതീക്ഷയും ചിത്രത്തിന് ലഭിച്ച ഹൈപും ആണ് ചിത്രം ബോക്സ് ഓഫീസിൽ നേരിടുന്നു ഏറ്റവും വലിയ വെല്ലുവിളി.

കായംകുളം കൊച്ചുണ്ണി ഒരു നല്ല ചിത്രം തന്നെയാണ്. നമ്മൾ കുട്ടികാലം മുതൽ കേട്ട് ഇഷ്ടപെട്ട കൊച്ചുണ്ണിയുടെ ജീവിത കഥ നന്നായി, ചരിത്രത്തിനോട്  നീതി പുലർത്തി കൊണ്ട് തന്നെ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ സമീപിച്ചാൽ നല്ല ആസ്വാദനം നൽകുന്ന എന്റെർറ്റൈനെർ തന്നെയാണ് റോഷൻ ആൻഡ്രൂസിന്റെ “കായംകുളം കൊച്ചുണ്ണി”.

Rating:3.5/5

Review By:
B.M.K

SHARE
Previous articleCremation of renowned Violinist Balabhaskar with state honours.
Next articleWorld Malayalee Federation | WMF UK Chapter is ready to stir up the UK crowd with “Mazhavil Mamangam” show.
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here