Home Movie Review Varathan Movie Review by BMK | Starring Fahadh Faasil

Varathan Movie Review by BMK | Starring Fahadh Faasil

1129
0
SHARE

Movie Review: “Varathan”. By Balu Murali Krishna [BMK]

Cast and Crew:

Directed by: Amal Neerad
Produced by: Nazriya Nazim & Amal Neerad
Screenplay by: Suhas–Sharfu

Starring: Fahadh Faasil,Aishwarya Lekshmi, Dileesh Pothen, Vijilesh, Sharafudeen  etc.

Music by: Sushin Shyam
Cinematography: Littil Swayamp
Edited by: Vivek Harshan
Stunts:Supreme Sundar
Sound Design:Tapas Nayak

Production Company:
Fahadh Faasil and Friends, Amal Neerad Productions;

Distributed by:A & A Release
Release date:20 September 2018
Running time:130 minutes

കഥാസാരം:

ദുബായിൽ ഐ. ടി കമ്പനിയിൽ  ജോലി ചെയ്യുന്ന എബി (ഫഹദ് ഫാസിൽ)..ഗർഭിണിയായ എബിയുടെ ഭാര്യ പ്രിയ(ഐശ്വര്യ  ലക്ഷ്മി)… ഇവരിൽ നിന്നുമാണ് “വരത്തൻ” ആരംഭിക്കുന്നത്.

എന്നാൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ  ഇവരുടെ വ്യക്തി ജീവിതത്തിലും,പ്രൊഫഷണൽ ജീവിതത്തിലും സംഭവിക്കുന്നു….അങ്ങനെ  ജീവിതത്തിൽ മൊത്തത്തിൽ ഒരു മാറ്റം ഉണ്ടാവണമെന്ന്  ഇവർ ആഗ്രഹിക്കുകയും, ആ മാറ്റത്തിനായി പ്രിയയുടെ മരിച്ചുപോയ അച്ഛന്റെ  കേരളത്തിൽ ഉള്ള പഴയ ഒരു വലിയ എസ്റ്റേറ്റ്  ബംഗ്ലാവിൽ കുറേകാലം താമസിക്കുവാൻ തീരുമാനിക്കുന്നു… അങ്ങെനെ എബിയും,പ്രിയയും ദുബായിൽ നിന്നും “വരത്തൻ”മാരായി കേരളത്തിൽ എത്തുന്നു.

പ്രകൃതി മനോഹരമായ പതിനെട്ടാം മൈൽ (18th Mile) എന്ന സ്ഥലത്തെ അല്പം വിജനമായ ഒരു പഴയ ബംഗ്ലാവിൽ താമസമാരംഭിക്കുന ഇവർക്ക് പക്ഷേ ലഭിക്കുന്നത് ഒട്ടും സുഖകരമല്ലാത്ത അനുഭവങ്ങളായിരുന്നു.മാനസികവും  ശാരീരികവുമായ പല  ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും, അപകടങ്ങളും ഇവർക്ക് (പ്രത്യേകിച്ച്) പ്രിയക്ക് അവിടെ നേരിടേണ്ടി വരുന്നു…ഈ സംഭവവികാസങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയും  ഇവർ എങ്ങെനെ നേരിടുന്നു എന്നതാണ് “വരത്തൻ”  എന്ന അമൽ നീരദ് ചിത്രം പ്രേക്ഷകനുമായി പങ്കുവെക്കുവാൻ ശ്രമിക്കുന്നത്….!!

വിശകലനം :

മലയാളത്തിൽ ഇതുവരെ ആരും പറയാത്ത പ്രേമേയമോ,പുതുമയുള്ള കഥയോ അല്ല വരത്തനിലൂടെ  അമൽ നീരദ് ദൃശ്യവത്കരിക്കുന്നത്…എന്നാൽ ലളിതമായ ഒരു  കഥാതന്തുവിനെ അവതരണത്തിലെ പുതുമ കൊണ്ടും,സാങ്കേതിക വിഭാഗത്തിന്റെ അസാധാരണമായ മികവ് കൊണ്ടും നവ്യമായ  ഒരു ദൃശ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു  “വരത്തനെ” ഇതിന്റെ അണിയറശില്പികൾ…

സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായി കാണുന്ന ഒരു സമൂഹം ശാസ്ത്രവും സാങ്കേതിക വിദ്യയും ,വിദ്യാഭ്യാസ രംഗവും അദ്‌ഭുതപൂർണമായ  വളർച്ച കൈവരിച്ചിരിക്കുന്ന  ഈ ഒരു കാലഘട്ടത്തിലും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു എന്ന  യാഥാർഥ്യം പച്ചയായി ദൃശ്യവത്കരിച്ചിരിക്കുന്നു അമൽ നീരദ് “വരത്തനിൽ”….

ഇരുട്ടിന്റെ മറവിൽ മാത്രമല്ല ,പകൽ വെളിച്ചത്തിൽ പോലും ഒരു സ്ത്രീയും ഇന്ന് നമ്മുടെ സമൂഹത്തിൽ സുരക്ഷിതയല്ല…ട്രെയ്‌നിലും, ബസിലും പാർക്കിലും,തീയേറ്ററിലും, തൊഴിലിടങ്ങളിലും,എന്തിനു സ്വന്തം വീട്ടിൽ പോലും ഭയമില്ലാതെ ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് താമസിക്കുവാൻ സാധിക്കില്ല എന്ന് കേരളത്തിൽ സംഭവിച്ച  പല  ക്രൂരവും ദാരുണവുമായ  പീഡന, കൊലപാതക വാർത്തകൾ സാക്ഷ്യം നൽകുന്നു…

“പെണ്ണായാലും പെങ്ങളല്ലേ” എന്നതിന് പകരം പെങ്ങളായാലും പെണ്ണല്ലേ  എന്ന് ചിന്തിക്കുന്ന നാരദന്മാർ ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു എന്നത് ദുഖകരമായ ഒരു വസ്തുതയാണ്… കാമചിന്തയോടെ കഴുകൻ കണ്ണുകളുമായി   സ്ത്രീക്ക് ചുറ്റും ഇവർ വട്ടമിട്ടു പറന്നുകൊണ്ടേയിരിക്കുന്നു… നോട്ടം കൊണ്ട് ,സ്പർശനം  കൊണ്ട് , മോശം സംഭാഷണങ്ങൾ  കൊണ്ട് ഒക്കെ ഒരു സ്ത്രീ  മാനസിക പീഡനത്തിനിരയാവുന്നു. ചിലപ്പോഴെങ്കിലും അത് ശാരീരിക അക്രമത്തിനു വഴിമാറുന്നു.

ഇത്തരം  സംഭവങ്ങളാണ്  “വരത്തൻ”  ചർച്ച ചെയുന്നത്…സ്ത്രീകൾ നേരിടുന്ന കാലിക പ്രസക്‌തമായ  ഒരു വിഷയം കേവലം ചൂണ്ടി കാണിക്കുക മാത്രമല്ല മറിച്ചു,മുൻപൊന്നും പറയാത്ത  മികവോടെ ഇതിനെതിരെ  ശക്തമായ   ഒരു പ്രതികരണം നായകനിലൂടെ കാണിക്കുന്നിടത്താണ് “വരത്തൻ”  എന്ന ചലച്ചിത്രം വ്യത്യസ്‌തമാകുന്നത്….

പതിഞ്ഞ താളത്തിലാണ് “വരത്തൻ” ആരംഭിച്ചു പുരോഗമിക്കുന്നത് …ഓരോ കഥാപാത്രങ്ങളെയും,അവരുടെ പശ്ചാത്തലങ്ങളെയും അവർ  നേരിടുന്ന പ്രശ്നങ്ങളെയും വളരെ സമയമെടുത്ത് ശാന്തമായി ഇളം  മന്ദമാരുതനെ പോലെ   പ്രേക്ഷകർക്ക്  പരിചയപ്പെടുത്തുന്നു.. (ചിലപ്പോഴെങ്കിലും ഈ ഒരു  പതിഞ്ഞ താളത്തിലുള്ള  ചിത്രത്തിന്റെ സഞ്ചാരം  ഒരു ഇഴച്ചിലിന്റെ രീതിയിലേക്ക് വഴിമാറുന്നുമുണ്ട്).

എന്നാൽ ഈ ഒരു താളം  ബോധപൂർവം ഇതിന്റെ അണിയറ ശിൽപികൾ നില നിർത്തിയതുകൊണ്ടാണ് രണ്ടാം പകുതിയുടെ അവസാനം ക്ലൈമാക്സിനു മുൻപുള്ള ഒരു മുപ്പതു മിനിറ്റ് ആഞ്ഞടിക്കുന്ന കൊടുംകാറ്റിന്റെ തീവ്രതയിൽ ത്രസിപ്പിക്കുന്ന ഒരു അനുഭവമായി മാറുന്നത് ….. ‘വരത്തൻ’ ഒരു മികച്ച ദൃശ്യാനുഭവമായി തീർന്നതിനു ഇതിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ചിലർ പ്രേത്യേക നന്ദിയും അഭിനന്ദനവും അർഹിക്കുന്നു….

‘എസ്രാ’ എന്ന സിനിമയിലെ  വേറിട്ട സംഗീതം കേട്ടപ്പോഴേ സുഷിൻ  ശ്യാം എന്ന യുവ സംഗീത സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്നു തോന്നിയിരുന്നു… എങ്കിൽ വരാനിരിക്കുന്ന നാളുകളിൽ മലയാള സിനിമയുടെ  ഒരു അഭിവാജ്യ ഘടകമായി സുഷിൻ  മാറുമെന്ന്  അടിവരയിടുന്ന ചിത്രമാണ് വരത്തൻ…

സുഷിന്റെ മാസ്മരിക പശ്ചാത്തല സംഗീതം തന്നെയാണ് വരത്തന്റെ ഏറ്റവും വലിയ കരുത്ത്….ക്ലൈമാക്സ് പോർഷനിലെ ബി.ജി.എം രോമാഞ്ചം നൽകുന്നു എന്ന് വേണമെങ്കിൽ പറയാം…സുഷിന്റെ ഈ വ്യത്യസ്തവും ചടുലവുമായ  ബി ജി എം ആണ് വരത്തന്റെ ആത്മാവ്….

ശരാശരി നിലവാരത്തിലുള്ള ഗാനങ്ങൾ  ചിത്രത്തിൽ ആവശ്യമില്ലാതെ മുഴച്ചു നിൽക്കുന്നതായി അനുഭവപെട്ടു ..

പറവ എന്ന സിനിമയിലൂടെ നമ്മ വിസ്മയിപ്പിച്ച Littil Swayamp എന്ന ഛായാഗ്രഹകൻ  മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന ക്യാമറ  കാഴ്ചകളാണ്  വരത്തനിൽ ഒരുക്കിയിരിക്കുന്നത്. തുടക്കത്തിലെ ദുബായ് രംഗങ്ങൾക്ക് വശ്യമാർന്ന കളർ ഗ്രേഡിംഗ് നൽകിയപ്പോൾ ചിത്രത്തിന്റെ മൂഡ് ആവശ്യപ്പെടുന്ന  വ്യത്യസ്തമാർന്ന  കളർ ടോൺ നൽകി രണ്ടാംപകുതിയും ക്ലൈമാക്സും മികവുറ്റതാക്കി അദ്ദേഹം…അതുപോലെ ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ചില ആംഗിൾ ഷോട്ടുകൾ കിടു എന്ന് മാത്രമേ പറയുവാനാകൂ…

സമീപകാല മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന ,എഴുന്നേറ്റു നിന്ന് കൈ അടിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന Action Choreography യാണ് വരത്തന് വേണ്ടി സുപ്രീം സുന്ദർ ഒരുക്കിയിരിക്കുന്നത്.

തപസ് നായിക്കിന്റെ സൗണ്ട് ഡിസൈനും, വിവേക് ഹർഷന്റെ  ഗംഭീര എഡിറ്റിംഗും, അജയൻ ചാലിശേരിയുടെ  പ്രൊഡക്ഷൻ ഡിസൈനും മികച്ച രീതിയിൽ ഒത്തുചേർന്നപ്പോൾ ഒരു സാധാരണചിത്രമായി മാറേണ്ടിയിരുന്ന  “വരുത്തൻ”  അസാമാന്യ മികവുള്ള ഒരു ത്രില്ലെർ ആയി മാറി എന്നതാണ് സത്യം..

യുവ സംവിധായകനിൽ വേറിട്ട ആഖ്യാന ശൈലിയിലൂടെ സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ  സംവിധായകനാണ് അമൽ നീരദ്…. ശക്തമായ കഥയുടെ പിൻബലമില്ലാതെ കേവലം മേക്കിങ്ങിൽ മാത്രം പുതുമയും വ്യത്യസ്തയും  കൊണ്ടുവരാൻ ശ്രമിച്ച മുൻകാല അമൽ നീരദ് ചിത്രങ്ങൾ ബോക്സ് ഓഫീസ് മഹാ വിജയങ്ങളായി മാറിയില്ല എങ്കിലും പ്രേക്ഷകർ ഇഷ്ടപെടുന്ന ഒരു ഛായാഗ്രഹണമറിയുന്ന സംവിധായകനായി, അമൽ നീരദ് ഒരു മിനിമം ഗ്യാരണ്ടീ  ബ്രാൻഡായി മാറി കഴിഞ്ഞിരിക്കുന്നു….ആ ഒരു വിശ്വാസം ഒട്ടും തന്നെ ചോർന്നു പോകാതെയാണ് അമൽ വരത്തനും ഒരുക്കിയിരിക്കുന്നത്… ക്ലൈമാക്സ് പോർഷണലിൽ അമൽ തന്റെ  ക്ലാസ്സ്‌  ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്…പുതുമയും വ്യത്യസ്തയും നിറഞ്ഞ പരീക്ഷണങ്ങളും സാങ്കേതിക  പൂർണത നിറഞ്ഞ കൂടുതൽ കൂടുതൽ  ക്വാളിറ്റി ചിത്രങ്ങളും അമലിൽ   നിന്നും വീണ്ടും ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു…

അഭിനയത്തിൽ ഫഹദ് ഫാസിൽ മിന്നി കസറുന്നതു രണ്ടാം പകുതിയിലാണ് . ആക്ഷൻ സീൻസ്എല്ലാം വളരെ സ്റ്റൈലിഷ് ആയി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു…

‘മായനദിക്കു’ ശേഷം സ്വാഭാവിക അഭിനയത്തിലൂടെ , നൈസർഗീയമായ സ്വന്തം ശബ്ദത്തിൽ പറയുന്ന സംഭാഷണത്തിലൂടെ പ്രിയ എന്ന കഥാപാത്രത്തിനെ മനോഹരമാക്കിയിരിക്കുന്നു  ഐശ്വര്യ ലക്ഷ്മി …ശക്തമായ കഥാപാത്രങ്ങൾ ഐശ്വര്യയിൽ ഭദ്രമാണ് എന്ന് വരത്തൻ  വീണ്ടും തെളിയിക്കുന്നു.

കോമഡി വേഷങ്ങളും കൗണ്ടറുകൾ പറയുന്ന ഉടായിപ്പു വേഷങ്ങളിൽ നിന്നും ഷറഫുദീൻ എന്ന നടൻ ഇതിലെ ജോസി എന്ന നെഗറ്റീവ് വേഷം  ഞെട്ടിപ്പിക്കുന്ന മികവോടെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.

ഒരു ഞരമ്പ്  രോഗിയുടെ ശരീര ഭാഷയും ചേഷ്ടകളും വിജിലേഷും മനോഹരമായി ചെയ്തിരിക്കുന്നു. സ്വാഭാവിക അഭിനയത്തിലൂടെ  ദിലീഷ് പോത്തനും കൈയടി നേടുന്നു.

സാരാംശം:

കാലിക പ്രസക്തമായ ഒരു വിഷയം സാങ്കേതിക  പൂർണതയോടെ  മലയാളസിനിമ സമീപകാലത്തൊന്നും കാണാത്ത  ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ആക്ഷനോടു  കൂടി അവതരിപ്പിച്ചിരിക്കുന്ന  ഒരു ടിപ്പിക്കൽ  അമൽ നീരദ് ചിത്രമാണ് ” വരത്തൻ”.

ഒന്നും പ്രതീക്ഷിക്കാതെ ആധുനിക  മികച്ച സൗകര്യങ്ങൾ ഉള്ള തീയേറ്ററിൽ പോയി കണ്ടാൽ നല്ലൊരു ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും  “വരത്തൻ”…

Rating:3.5/5

Review by:
B.M.K

SHARE
Previous articleRanam-Detroit Crossing Movie Review by BMK | Starring Prithviraj
Next articleCremation of renowned Violinist Balabhaskar with state honours.
Balu Murali Krishna
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരു ഇഷ്ടം, അതായിരുന്നു എനിക്ക് സിനിമ. സ്വപ്നം കാണാൻ കൊതിപ്പിച്ച സിനിമ. വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ പിന്നീട് ആരാധനാപാത്രങ്ങളായി മാറി. സിനിമയോടുള്ള ഇഷ്ടം പിന്നീടെപ്പോഴോ ഒരു ആഗ്രഹമോ അഭിനിവേശമോ ആയി മാറി. എല്ലാ സിനിമകളും കാണുക എന്നതിനപ്പുറം, കാണുന്ന സിനിമകളിലെ സവിശേഷതകളെയും, മികവിനെയും കോട്ടങ്ങളെയും വിലയിരുത്തുവാനും കുറിപ്പുകൾ എഴുതുവാനും തുടങ്ങി. അത് സിനിമയെ ഗൗരവമായി സമീപിക്കുവാൻ എന്നെ പ്രേരിപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ സജീവമായപ്പോൾ ഇങ്ങനെ എഴുതിയ കുറിപ്പുകൾ എന്റെ സിനിമ നിരൂപണങ്ങളായി അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. അതിനു സിനിമ ആസ്വാദകരായ വായനസമൂഹം നൽകിയ പ്രോത്സാഹനവും,പിന്തുണയും കൂടുതൽ നിരൂപണങ്ങൾ ഏറ്റവും നിഷ്പക്ഷവും, ആത്മാർത്ഥവുമായി എഴുതുവാനും പ്രസിദ്ധപ്പെടുത്തുവാനുമുള്ള പ്രേരണയും ശക്തിയുമായി മാറി. മലയാള ചിത്രങ്ങളെ വിശകലനം ചെയ്തു അവതരിപ്പിക്കുന്ന ഒരു മൂവി റിവ്യൂ പേജ് ഈ പോർട്ടലിൽ ആരംഭിക്കുകയാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്. സ്നേഹപൂർവ്വം, Balu Murali Krishna (BMK)

LEAVE A REPLY

Please enter your comment!
Please enter your name here