Movie Review: “Ranam-Detroit Crossing”. By Balu Murali Krishna [BMK]
Written & Directed by: Nirmal Sahadev
Produced by: Anand Payannur, Rani & Lawson Biju
Music by: Jakes Bejoy
Cinematography: Jigme Tenzing
Edited by: Sreejith Sarang
Starring:
Prithviraj Sukumaran, Rahman, Isha Talwar, Nandhu, Ashwin etc.
Release date:6 September 2018
Running time: 142 minutes
Review:
മലയാള സിനിമ ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും സജീവമാവുകയാണ്. കാലവർഷവും,പ്രളയദുരന്തവും മൂലം ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്ന മലയാള സിനിമയ്ക്ക് ഉണർവ് നൽകി കൊണ്ട് വീണ്ടും പുതിയ റിലീസുകൾ.
നിർമൽ സഹദേവൻ ആദ്യമായി സംവിധായകനാവുന്ന പൃഥ്വിരാജ് നായക വേഷത്തിലെത്തുന്ന “രണം” എന്ന ചിത്രമാണ് ഇതിൽ ആദ്യം റിലീസ് ആയത്. ടീസറും, ട്രെയ്‌ലറും, പോസ്റ്ററുകളും പ്രേക്ഷകന് നൽകിയ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നുണ്ടോ “രണം”എന്നാണീ നിരൂപണം പരിശോധിക്കുന്നത്..
കഥാസാരം:
അല്പസമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ആമുഖമായി വിവരിക്കുന്ന പ്രിത്വിരാജിന്റെ ഇംഗ്ലീഷും മലയാളവും കലർന്ന നരേഷനിലൂടെയാണ് “രണം” ആരംഭിക്കുന്നത്. കനേഡിയൻ ബോർഡറിൽ സ്ഥിതി ചെയ്യുന്ന ഡിട്രോയിറ്റ് നഗരമാണ് ചിത്രത്തിലെ കഥാപശ്ചാത്തലം.
ഡിട്രോയിറ്റ്- അമേരിക്കയിലെ പ്രശസ്‌തമായ ഈ വാണിജ്യ നഗരം ഒരു കാലത്തു വാഹനനിർമാണത്തിന്റെ കേദ്രമായിരുന്നു .എന്നാൽ കറുത്ത വർഗക്കാരുടെ പ്രതിഷേധം (ബ്ലാക്ക് റവൊല്യൂഷൻ) വരുത്തിവച്ചത് ആ നഗരത്തിന്റെ നാശമായിരുന്നു പട്ടിണിയും,ദാരിദ്രവും, തൊഴിലില്ലായ്മയും രൂക്ഷ്മായ ആ നഗരത്തിലെ ജനത അതിജീവനത്തിനായി ഒരു പുതിയ വഴി കണ്ടെത്തി മയക്കുമരുന്ന് കച്ചവടവും, പിടിച്ചുപറിയും,മോഷണവും, കൊല്ലും, കൊലയും അവിടെ അരങ്ങേറാൻ തുടങ്ങി.അതി ഭീകരമായ അധോലോകത്തിന്റെ വിഹാരകേദ്രമായി ഡിട്രോയിറ്റ് നഗരം മാറി.
അമേരിക്കയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഡിട്രോയിറ്റ് ഒരു ഇടത്താവളമായി മാറി….പുതിയ മാഫിയ സംഘങ്ങൾ രൂപം കൊണ്ടു ഈ അധോലോക സംഘകൾക്കിടയിൽ മത്സരവും,കുടിപ്പകയും വർദ്ധിച്ചു സംഘത്തലവന്മാരും ചേരികളും ഉണ്ടായി ഇവരുടെ പകയുടെയും,പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് “രണം-ഡിട്രോയിറ്റ് ക്രോസിങ് ” എന്ന ചിത്രം.
നിരൂപണം :
ഡിട്രോയിറ്റ് നഗരത്തിൽ റഡാക്സ് (RedX) എന്ന മയക്കു മരുന്ന് വില്പന നടത്തുന്ന അധോലോക ഗ്രൂപ്പിന്റെ പ്രധാന കണ്ണിയാണ് തമിഴ് വംശജനായ ദാമോദർ (റഹ്‌മാൻ).
അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആദി (പൃഥ്വിരാജ്),ആദിയുടെ അഭയവും ആശ്രയവുമായ ഭാസ്കരൻ (നന്ദു),ഭാസ്കരന്റെ ഭാര്യയും രണ്ടു കുട്ടികളും, ആദിയുടെ ജീവിതത്തിൽ ആകസ്മികമായി കടന്നു വരുന്ന സീമ (ഇഷ തൽവാർ),സീമയുടെ മകൾ. ഇവരാണ് രണത്തിന്റെ കഥയെ മുൻപോട്ടു നയിക്കുന്ന പ്രധാന കഥാപാത്രങ്ങൾ.
ഒരുപാടു ഹോളിവുഡ്, വിദേശ ചിത്രങ്ങൾ (പ്രധാനമായും ത്രില്ലെർ സ്വഭാവമുള്ള ചിത്രങ്ങൾ) കാണുകയും അത്തരം ചിത്രങ്ങൾ ആഴത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത ഒരു യുവ സംവിധായകനാണ് നിർമൽ സഹദേവൻ എന്ന് രണത്തിന്റെ മേക്കിങ്ങിൽ നിന്നും വ്യക്തമാണ്.
നിരവധി ഹോളിവുഡ് ചിത്രങ്ങൾക്ക് പ്രമേയമായിട്ടുള്ള ഇതിവൃത്തമാണ് രണത്തിന്റേത്. “മയക്കുമരുന്ന് കച്ചവടത്തിന്റെയും അധോലോക സംഘങ്ങളുടെ കുടിപ്പകയുടെയും, പോരാട്ടത്തിന്റെയും കഥ”…എന്നാൽ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി കഥാപാത്രങ്ങളുടെ മാനസിക വികാര വിചാരങ്ങളിലൂടെയും സങ്കീർണമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുവാൻ “രണം” ശ്രമിക്കുന്നു എന്നത് അഭിനന്ദനീയമായ ഒരു വസ്തുതയാണ്.
ഹോളിവുഡ് നിലവാരമുള്ള ഒരു മലയാള സിനിമ എന്ന ആഗ്രഹത്തോടെയാണ് രണം ഒരുക്കിയിരിക്കുന്നത് എന്നും, ഇതിന്റെ പിന്നിൽ ആത്മാർത്ഥമായ അധ്വാനം ഉണ്ടായിട്ടുണ്ട് എന്നും “രണം’ കാണുമ്പോൾ മനസ്സിലാവുന്നുണ്ട്.
തുടക്കത്തിൽ കാണിക്കുന്ന കാർ ചേസിംഗും, ചില ആക്ഷൻ സീനുകളും വളരെ നല്ല നിലവാരം പുലർത്തി ….ഇതിനു സംവിധായകൻ നന്ദി പറയേണ്ടത് മനോഹരമായ ഫ്രെയിമുകൾ, ഉചിതമായ കളർ ടോണിൽ ക്യാമറയിൽ ആക്കിയ ജിഗ്മെ ടെൻസിങ് (Jigme Tenzing) എന്ന ക്യാമറാമാനും, ചടുലമായ പശ്ചാത്തല സംഗീതമൊരുക്കിയ ജേക്സ് ബിജോയ് (Jakes Bijoy) എന്ന സംഗീത സംവിധായകനുമാണ് .ചില രംഗങ്ങളിലെ ജേക്സ്സിന്റെ ബി.ജി.എം ഗംഭീരമായിരുന്നു.
മലയാള സിനിമയ്ക്ക് ജേക്സ് ബിജോയ് ഒരു മുതൽകൂട്ട് തന്നെയാണ് എന്ന് രണം തെളിയിക്കുന്നു. അതുപോലെ നല്ല കഥയും ശക്തമായ തിരക്കഥയുമുണ്ടെങ്കിൽ സാങ്കേതിക തികവാർന്ന ചിത്രങ്ങൾ ഒരുക്കുവാൻ കഴിവുള്ള പ്രതിഭയാണ് നിർമൽ സഹദേവൻ എന്ന് രണം അടയാളപ്പെടുത്തുന്നു.
ഗാനങ്ങൾ ചിത്രത്തിൽ ഒരു അഭിവാജ്യ ഘടകമല്ല..അനവസരത്തിൽ അനാവശ്യമായി ഗാനങ്ങൾ തിരുകി കയറ്റിയിരിക്കുന്നു. ഉള്ള ഗാനങ്ങൾ ശരാശരി നിലവാരത്തിൽ ഒതുങ്ങുന്നു.
പ്രകടനത്തിൽ പൃഥ്വിരാജ് രൂപത്തിലും നടപ്പിലും,നോട്ടത്തിലും,സംഭാഷണത്തിലും ആദി എന്ന കഥാപാത്രത്തെ നന്നായി സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നു.
പോസ്റ്ററിലും, ട്രൈലറിൽ നിന്നും ലഭിച്ച സൂചനകൾ അനുസരിച്ചു റഹ്മാൻ എന്ന നടന്റെ മിന്നുന്ന ഒരു പെർഫോമൻസ് രണത്തിൽ ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്..എന്നാൽ അങ്ങെനെ കസറി തകർക്കാൻ പറ്റിയ ഒരു സ്പേസ് രണം റഹ്മാന് നൽകുന്നില്ല …’ദാമോദർ’ എന്ന കഥാപാത്ര നിർമ്മിതിയിലും പോരായ്മകളുണ്ട്…ഒരു അധോലോകം ഭരിക്കുന്ന ആൾ എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നതല്ലാതെ അത്തരം ഹീറോയിസം കാണിക്കുന്ന ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല.
ഒരു പെൺകുട്ടിയുടെ അമ്മയായി കണ്ണാടി ഒക്കെ വെച്ച് ഒട്ടും ഗ്ലാമറില്ലാത്ത വേഷത്തിൽ ആണ് ഇഷ തൽവാർ ചിത്രത്തിൽ വരുന്നത് ….ലുക്ക് ഒക്കെ കൊള്ളാമായിരുന്നു എങ്കിലും ഇഷയുടെ ‘സീമ’ എന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് ഒരു പൂർണ്ണ പരാജയമായിരുന്നു …ലിപ് സിങ്കിങ് അമ്പേ പാളിപ്പോയി …ക്ലോസ് അപ്പ് ഷോട്ടുകളിൽ ഇത് വലിയ കല്ലുകടി സമ്മാനിക്കുന്നു.
സീമയുടെ (ഇഷ) മകളായി വന്ന കുട്ടിയും ഭാസ്കരനായി വന്ന നന്ദുവും നല്ല പ്രകടനം കാഴ്ചവെച്ചു. ഭാസ്കരന്റെ ഭാര്യാവേഷം ചെയ്ത നടിയും അതി നാടകീയവും, അസ്വാഭാവികമായ നടനവും കൊണ്ട് പ്രേക്ഷകനെ അലോസരപ്പെടുത്തുന്നു….. ഇവരുടെ ഡബ്ബിങ്ങും വളരെ മോശമായിരുന്നു…
സബ് ടൈറ്റിൽ ഒന്നും കാണിക്കാതെ കഥാപാത്രങ്ങൾ പറയുന്ന ആംഗലേയ സംഭാഷണങ്ങൾ ഒന്നും വേണ്ട രീതിയിൽ പ്രേക്ഷകനിലേക്കു രജിസ്റ്റർ ആവുന്നില്ല എന്നതും ഒരു പോരായ്മയാണ്.
രണത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്… ആദ്യപകുതിയിൽ പലപ്പോഴും വലിയ രീതിയിൽ ഉണ്ടാവുന്ന ഇഴച്ചിൽ പ്രേക്ഷകന് വിരസത സമ്മാനിക്കുന്നു…അനാവശ്യമായ ചില രംഗങ്ങൾ, ഗാനങ്ങൾ, സംഭാഷണങ്ങൾ എന്നിവ വെട്ടിച്ചുരുക്കി ചിത്രത്തിന്റെ രണ്ടു മണിക്കൂർ ഇരുപത്തിനാലുമിനിറ്റ് ദൈർക്യം അല്പം കുറച്ചിരുന്നെങ്കിൽ ‘രണം’ കൂടുതൽ ആകർഷകമായിരുന്നേനെ.
സാരാംശം:
പുതുമകൾ ഇല്ലാത്ത കഥയും കെട്ടുറപ്പില്ലാത്ത തിരക്കഥയും വെച്ച് കൊണ്ട് ഡിട്രോയിറ്റ് എന്ന നഗരത്തെ കഥാപശ്ചാത്തലമാക്കി മേക്കിങ്ങിലൂടെ പുതുമ കൊണ്ട് വരുവാൻ ശ്രമിച്ച ചിത്രമാണ് “രണം”…ക്ലിഷേയ് ആയ നിരവധി മുഹൂർത്തങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ‘രണം’. ഡബ്ബിങ് പലപ്പോഴും കല്ലുകടി സമ്മാനിക്കുന്നു അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു ത്രില്ലെർ അല്ല ‘രണം’. അത് കൊണ്ട് തന്നെ ചിത്രത്തിന്റെ ഈ പതിഞ്ഞ താളം എല്ലാവർക്കും ദഹിക്കണമെന്നില്ല.”രണം” ഒരു നല്ല ചിത്രമാണോ മോശം ചിത്രമാണോ എന്ന് പറയാൻ മുതിരുന്നില്ല കാരണം കാണുന്ന ഓരോ പ്രേക്ഷകന്റെയും അഭിരുചിക്കും സമീപനത്തിനും അനുസൃതമായി രണത്തിന്റെ ആസ്വാദനവും മാറും എന്നതുകൊണ്ട് . പക്ഷേ ഒരു കാര്യം സ്പഷ്ടമാണ്… നല്ലൊരു വിഭവം ഉണ്ടാക്കുവാനുള്ള എല്ലാ ചേരുവകകളും ലഭിച്ചിട്ടും അത് പൂർണമായി ഉപയോഗിക്കുവാൻ കഴിയാതെ പോയ ചിത്രമാണ് “രണം”…
Rating : 3/5
Review By: B.M.K