Movie Review: “Ente Mezhuthiri Athazhangal”. By Balu Murali Krishna [BMK]
Cast and crew:
Direction: Sooraj Thomas
Producer: Noble Jose
Story, Dialogues & Screenplay: Anoop Menon
Music: M.Jayachandran
Score: Rahul Raj
Cinematography: Jithu Damodar
Costumes: Sameera Saneesh
Makeup: Saji Kattakada
Art Design: Saloo.K.George
Editor: Zian Sreekanth
Production company: 999 Entertainments
Release date: 27 July 2018
Running Time: 147 Minutes
Starring:
Anoop Menon, Miya,Dileesh Pothan, Manju, Lal Jose, Alencier Ley Lopez, Baiju, K. Prakash, Srikant Murali, Nirmal Palazhi, Hanna Reji Koshi etc.
നാലു വർഷത്തെ ഇടവേളക്കു ശേഷം അനൂപ് മേനോൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി നോബിൾ ജോസ് നിർമിച്ച്, “പാവ” എന്ന ആദ്യ ചിത്രത്തിന് ശേഷം സൂരജ് തോമസ് സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ് “എന്റെ മെഴുതിരി അത്താഴങ്ങൾ”.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ പ്രണയാർദ്രമാണോ ഈ മെഴുതിരി അത്താഴങ്ങൾ എന്നാണീ നിരൂപണം പരിശോധിക്കുന്നത്…
കഥാസാരം:
കൊച്ചിയിൽ പ്രശസ്‌തമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഭക്ഷണശാലയാണ് “സഞ്ജയ് പോൾ ദി ഗ്യാസ്‌ട്രോണോമി”.. അതിന്റെ ഉടമ ലോക പ്രശസ്തനായ ഷെഫ് സഞ്ജയ് പോൾ (അനൂപ് മേനോൻ) ആണ്.അവിടെ ലഭിക്കുന്ന ഒരു ഇറ്റാലിയൻ പേരുള്ള ചിക്കൻ കറി കൊച്ചിക്കാരുടെ പ്രിയ വിഭവമാണ്. സഞ്ജയ്‌ക്കു മാത്രം അറിയാവുന്ന ഒരു മാജിക് റെസിപ്പീയാണ് അതിന്റെ പ്രത്യേകത…..സഞ്ജയുടെ വിവാഹം ധനികയായ താര ആന്റണിയുമായി(ഹന്ന റെജി കോശി) നിശ്ചയിച്ചിരിക്കുകയാണ്…..
വിവാഹത്തിനോട് അനുബന്ധിച്ചു സഞ്ജയ് സുഹൃത്തുക്കൾക്കായി ഒരു സൽക്കാര ചടങ്ങു ഒരുക്കിയിരുന്നു… എന്നാൽ ആ ചടങ്ങിന് ഒരു നാൾ മുൻപ് സഞ്ജയ്‌ക്കു ഊട്ടിയിൽ നിന്നും ഇടിചാണ്ടിച്ചായൻ (അലന്‍സിയര്‍) എന്ന സഞ്ജയുടെ കുടുംബ സുഹൃത്തിന്റെ ഒരു ഫോൺ കാൾ വരുന്നു… “അഞ്ജലി വന്നിട്ടുണ്ട്….നീ ഒന്ന് ഇവിടെ വരെ വരണം…” പിന്നീട് കഥ മൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന ഫ്ലാഷ്ബാക്കിലേക്കു പോകുന്നു…
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറന്റിലെ രുചിക്കൂട്ടുകൾ തയ്യാറാക്കാൻ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച് പുതിയ ഭക്ഷണങ്ങളും ഭക്ഷണ ശീലങ്ങളും രുചി ഭേദങ്ങളും പഠിക്കാൻ സഞ്ജയ് ഒരു യാത്ര പോകുന്നു..അങ്ങനെയുള്ള ഒരു യാത്രയിൽ സഞ്ജയ് തന്റെ കുടുംബ സുഹൃത്തായ സ്റ്റീഫന്റെ (ബൈജു) ഊട്ടിയിലെ മനോഹരമായ എസ്റ്റേറ്റിൽ എത്തി ചേരുന്നു ….അവിടെ സ്റ്റീഫനോടൊപ്പം അയാളുടെ ആ എസ്റ്റേറ്റ് ബംഗ്ലാവിൽ ഭാര്യയും (മഞ്ജു), അച്ഛൻ ഇടിചാണ്ടിച്ചനും (അലന്‍സിയര്‍)ഉണ്ട്.
അവിടെ പേയിങ് ഗസ്റ്റായി മുകളിലത്തെ നിലയിൽ താമസിക്കുന്ന സുന്ദരിയായ പെൺകുട്ടിയാണ് അഞ്ജലി (മിയ)…. മെഴുതിരികൾക്കു സുഗന്ധവും നിറവും നൽകുന്ന ഡിസൈനർ ആണ് അഞ്ജലി …അഞ്ജലിയും സഞ്‍ജയും പരിചയപ്പെടുകയും ആദ്യം സുഹൃത്തുക്കളും,പിന്നീട് പ്രണയിതരാവുകയും ചെയ്യുന്നു.
എന്നാൽ പെട്ടെന്ന് ഒരുനാൾ അഞ്ജലി സഞ്ജയുടെ ജീവിതത്തിൽ നിന്നും അകാരണമായി എങ്ങോട്ടോ അപ്രത്യക്ഷയാവുന്നു…. എന്തിനാണ് അഞ്ജലി സഞ്ജയുടെ ജീവിതത്തിൽ നിന്നും അകന്നത് ?എങ്ങനെയാണ് താര സഞ്ജയുടെ ജീവിതത്തിൽ എത്തിയത്.? മുന്ന് വർഷത്തിന് ശേഷം വീണ്ടും അഞ്ജലി എന്തിനാണ് സഞ്ജയെ അന്വേഷിച്ചു തിരിച്ചു വരുന്നത് ?ഇവരുടെ മുന്ന് പേരുടെയും ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നതെന്ത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതൾ വിരിയുന്നു “എന്റെ മെഴുതിരി അത്താഴങ്ങൾ” എന്ന പ്രണയ ചിത്രത്തിലൂടെ….
നിരൂപണം:
പുതുമയുള്ള കഥയോ ഇതുവരെ കാണാത്ത പ്രണയമോ അല്ല മെഴുതിരികൾ ചർച്ച ചെയ്യുന്നത് ..നെഞ്ചിടിപ്പ് കൂട്ടുന്ന ട്വിസ്റ്റോ,അസാധാരണമായ ക്ലൈമാക്സ് രംഗമോ ഇതിലില്ല …..ഒരു സാധാരണ പ്രണയ കഥയെ പ്രകൃതി സുന്ദരമായ കഥാ പശ്ചാത്തലത്തിൽ,അനുപമമായ അവതരണ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് “എന്റെ മെഴുതിരി അത്താഴങ്ങൾ”..
അനൂപ് മേനോൻ എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ തൂലികയിൽ എപ്പോഴും വിരിയുന്നത് താളാത്മകമായ, പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന സൗന്ദര്യമുള്ള ഭാഷയാണ്…
പ്രണയവും, രതിയും, കാമവും, സ്ത്രീ സൗന്ദര്യവും, ലൈംഗികതയും, ജീവിത സത്യങ്ങളും, ബന്ധങ്ങളുടെ നന്മതിന്മകളും, സൗഹൃദവും എല്ലാം ഒരു നൂലിൽ കോർത്ത മുത്തുകൾ എന്ന പോലെ കെട്ടുപിടഞ്ഞു കിടക്കുന്ന കഥയും തിരക്കഥയുമാണ് അദ്ദേഹത്തിന്റെ പൊതുവായ ശൈലി …..മെഴുതിരി അത്താഴങ്ങളും ഈ ഒരു രചനാ ശൈലിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല….
ചില പച്ചയായ ജീവിത സത്യങ്ങൾ മനോഹരമായ സംഭാഷണത്തിലൂടെ അവതരിപ്പിക്കുവാൻ ഉള്ള ഒരു സിദ്ധി അദ്ദേഹത്തിനുണ്ട്…ഉദാഹരണമായി ഈ സിനിമയിൽ സഞ്ജയ് അഞ്ജലിയോട് ബന്ധങ്ങളുടെ ഉഷ്മളതയെ കുറിച്ച് ലളിതമായി പറയുന്ന ഒരു സംഭാഷണമുണ്ട്-
“വാടക കൊടുക്കാതെ താമസിക്കുവാൻ കഴിയുന്ന ഒരു വീടെങ്കിലും നമുക്കുണ്ടാവണം” എന്ന് …!! മറ്റൊരു രസകരമായ സംഭാഷണം “ഒരു നങ്ങൂരമിടാൻ ശ്രമിക്കുകയാണ് സഖാവെ,തുറമുഖം സമ്മതിക്കുമോ എന്നറിയില്ല…..”
നല്ല ഭാഷയും സൗന്ദര്യമുള്ള സംഭാഷണ മികവുമാണ് ഒരു സാധാരണ പ്രണയ കഥയായ എന്റെ മെഴുതിരി അത്താഴങ്ങൾക്കു പുതുമയും,വശ്യതയും നൽകുന്നത് …. സൂരജ് തോമസിന്റെ സംവിധാന മികവും എടുത്തുപറയേണ്ടതാണ്…
ഒരു പ്രണയകഥ അത് എങ്ങെനെ വേണമെങ്കിലും അവതരിപ്പിക്കാം. എന്നാൽ ഊട്ടിയുടെ പ്രകൃതി സൗന്ദര്യം മുഴുവൻ ആവാഹിക്കാൻ കഴിയുന്ന ഒരു പശ്ചാത്തലമൊരുക്കുകയും, അതിൽ കഥാപാത്രങ്ങളെ ഭംഗിയായി സന്നിവേശിപ്പിക്കുകയും, അവരുടെ കഥ പറയുന്ന ഒഴുക്കിനു ഒട്ടും തടസ്സം വരാത്ത രീതിയിൽ നല്ല സംഗീതവും ചേർത്ത് അവതരിപ്പിച്ചപ്പോൾ അത് പ്രേക്ഷകർക്ക് സുഖമുള്ള ഒരു പ്രണയാനുഭവമായി മാറുന്നു……
തന്റെ ക്യാമറ കണ്ണിലൂടെ ഊട്ടി എന്ന സ്ഥലത്തിന് പ്രകൃതി അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ സ്‌ക്രീനിൽ എത്തിയ്ക്കുവാൻ ഛായാഗ്രാഹകൻ ജിത്തു ദാമോദരന് അഭിനന്ദനമാവണ്ണം സാധിച്ചിട്ടുണ്ട്…ഓരോ ഫ്രെയിമും വർണമനോഹരമാക്കുവാൻ സംവിധായകനെയും ഛായാഗ്രാഹകനെയും ഏറ്റവും അതികം സഹായിച്ചത്
സാലു. കെ.ജോർജിന്റെ കലാസംവിധാന മികവാണ് ….കഥാപാത്രങ്ങളായ സഞ്ജയും അഞ്ജലിയും(അനൂപും മിയയും) ചിത്രത്തിൽ ഉടനീളം സൗന്ദര്യമുള്ള പ്രണയ ജോഡികളായി പ്രേക്ഷകർക്ക് തോന്നിയെങ്കിൽ അതിനു ആദ്യം നന്ദി പറയേണ്ടത് സ്റ്റൈലിഷും മനോഹരവുമായ വസ്ത്രാലങ്കാരം ഒരുക്കിയ സമീറ സനീഷിനും മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്ത സജി കാട്ടാക്കടയ്ക്കുമാണ് ..
അഭിനയത്തിൽ അനൂപ് മേനോൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിന്നുന്ന പ്രകടനം നടത്തി…മിയ ചിത്രത്തിൽ കൂടുതൽ സുന്ദരിയായി, കഥാപാത്രം ആവശ്യപ്പെടുന്ന പ്രസരിപ്പും ഊർജവും നൽകി പ്രേക്ഷക പ്രീതി നേടുന്നു…ഇരുവരും സ്‌ക്രീനിൽ വരുമ്പോൾ നല്ല പൊരുത്തം അനുഭവപെട്ടു എന്നതാണ് ഈ പ്രണയ കഥ ഇത്രയും ആസ്വാദ്യകരമായി മാറാൻ ഉണ്ടായ പല കാരണങ്ങളിൽ ഒരു കാരണം.
അലന്‍സിയര്‍,മഞ്ജു, ഹന്ന റെജി കോശി, നിര്‍മല്‍ പാലാഴി എന്നിവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. ഒരു പാട് കാലത്തിനു ശേഷം ബൈജുവിന് ലഭിച്ച മികച്ച ഒരു വേഷമാണ് ഇതിലെ സ്റ്റീഫൻ.അത് അദ്ദേഹം നന്നായി അഭിനയിച്ചു പൊലിപ്പിച്ചു … ദിലീഷ് പോത്തൻ സ്‌ക്രീനിൽ വരുമ്പോളെല്ലാം നല്ല ചിരി പ്രേക്ഷകന് സമ്മാനിക്കുന്നു…
റഫീഖ് അഹമ്മദ് രചിച്ച അർത്ഥസമ്പുഷ്ടമായ വരികൾക്ക് എം.ജയചന്ദ്രന്റെ പ്രണയാർദ്രമായ സംഗീതത്തിൽ ,വിജയ് യേശുദാസിന്റെ സുന്ദര ശബ്ദത്തിൽ പിറന്നത് അഞ്ചു സുന്ദര ഗാനങ്ങളാണ്.ഈ ഒരു പ്രണയ ചിത്രത്തെ സംഗീതസാദ്രമായ ഒരു അനുഭവമാക്കുന്നതിൽ ഈ ഗാനങ്ങൾ വഹിച്ച പങ്കു ചെറുതല്ല. ചിത്രത്തിന്റെ സ്വാഭാവികത നിലനിർത്തി രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതവും നന്നായി….
സാരാംശം:
ഒരു ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം ഒന്നുപോലെ മികവ് പുലർത്തുമ്പോഴാണ് ഒരു നല്ല സിനിമ പിറവിയെടുക്കുന്നത്..അങ്ങെനെ ഒരു കൂട്ടം കലാകാരൻമാർ മനസ്സറിഞ്ഞു ആത്മാർഥമായി പ്രവർത്തിച്ചപ്പോൾ പിറവി എടുത്ത ഒരു നല്ല കലാ സൃഷ്ഠിയാണ്”എന്റെ മെഴുതിരി അത്താഴങ്ങൾ”..
മഴയും, പുഴയും,പൂക്കളും,വർഷവും വസന്തവും നമ്മൾ ഇഷ്ടപെടുന്നു എങ്കിൽ ഈ പ്രണയകഥയും നമ്മുക്കിഷ്ടമാവും …പ്രണയാർദ്രമായ ഒരു മനസ്സുമായി സമീപിച്ചാൽ “എന്റെ മെഴുതിരി അത്താഴങ്ങൾ” സുഖമുള്ള, സംഗീതസാദ്രമായ,ഒരു പ്രണയാനുഭവമായി മാറും..
Rating:3.5/5
Review by:
B.M.K
28.07.2018