Movie Review: Aravindante Athidhikal by BMK Starring Vineeth Sreenivasan.
ലളിതം, മനോഹരം ഈ അതിഥികൾ…
Cast and crew:
Directed by: M. Mohanan
Produced by: Pradeep Kumar Pathiyara
Written by: Rajesh Raghavan
Music by: Shaan Rahman
Cinematography: Swaroop Philip
Editor: Ranjan Abraham
Release date: 27 April 2018
Running time: 122 minutes
Language: Malayalam
Starring: Vineeth Sreenivasan, Sreenivasan, Nikhila Vimal, Urvashi, Aju Varghese.
സൗഹൃദത്തിന്റെ ഊഷ്മളത ഹൃദ്യമായി അവതരിപ്പിച്ച “കഥ പറയുമ്പോൾ” എന്ന ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രത്തിന് ശേഷം എം.മോഹനൻ ഒരുക്കിയ പുതിയ ചലച്ചിത്രമാണ് “അരവിന്ദന്റെ അതിഥികൾ”. രാജേഷ് രാഘവന്റേതാണ് കഥ, സംഗീതം ഷാൻ റഹ്മാൻ. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഉർവശി, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
ഈ അരവിന്ദനെയും അതിഥികളെയും പ്രേക്ഷകർക്ക് ഇഷ്ടമാവുമോ….?
നിരൂപണം പരിശോധിക്കുന്നു…
കഥാസാരം:
കൊല്ലൂർ മൂകാംബിക ക്ഷേത്രവും പരിസരവുമാണ് കഥാപശ്ചാത്തലം. അവിടെ വർഷങ്ങൾക്കു മുൻപ് ഒരു നവരാത്രി ദിവസം സ്വന്തം മകനെ ഉപേക്ഷിച്ചു പോകുന്ന ഒരു അമ്മയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.
കുട്ടിയായ ആ മകനെ മൂകാംബികയിൽ ഗസ്റ്റ് ഹൗസ് നടത്തുന്ന മാധവൻ കൂടെ കൂട്ടുന്നു. അരവിന്ദൻ എന്ന പേര് നൽകി അവനെ വളർത്തുന്നു.
നന്നായി പഠിക്കുകയും, ചിത്രം വരയ്ക്കുകയും, പാട്ടു പാടുകയും ചെയ്യുന്ന അരവിന്ദൻ വലുതായപ്പോൾ അവന്റെ വളർത്തച്ഛനെ സഹായിക്കുവാനായി മൂകാംബികയിൽ എത്തുന്ന സഞ്ചാരികളെ ക്യാൻവാസ് ചെയ്തു മുകുന്ദന്റെ ഗസ്റ്റ് ഹൗസിൽ എത്തിക്കുന്നു.. അരവിന്ദന്റെ സഹായി ആയി കുടജാദ്രിയിലേക്കു ജീപ്പ് സർവീസ് നടത്തുന്ന റഷീദുമുണ്ട് (അജു വർഗീസ്). അങ്ങെനെ ഇരിക്കെ ഒരു നാളിൽ മൂകാംബികയിൽ നൃത്ത അരങ്ങേറ്റത്തിനായി വരദയും (നിഖില വിമൽ), അമ്മ ഗിരിജയും (ഉർവശി), അമ്മയുടെ സഹോദരൻ വേണുവും (പ്രേംകുമാർ) എത്തുന്നു. പിന്നീട് അരവിന്ദന്റേയും വരദയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് രണ്ടു മണിക്കൂർ ദൈര്‍ഘ്യമുള്ള “അരവിന്ദന്റെ അതിഥികൾ”എന്ന ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.
അവലോകനം..
വളരെ ലളിതമായ ഒരു കഥയാണ് “അരവിന്ദന്റെ അതിഥികൾ”. നാടകീയമായ വഴിത്തിരിവുകളോ, സംഘർഷങ്ങളോ, അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ഇല്ലാതെ, ശാന്തമായി ഒഴുകുന്ന പുഴപോലെ ലളിതമായാണ് എം.മോഹനൻ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് .
ഭക്തി സാന്ദ്രമായ മൂകാംബികയുടെ പശ്ചാത്തലവും, ഹൃദ്യമായ സംഗീതവും മനോഹരമായി സന്നിവേശിപ്പിച്ചതാണ് ‘അമ്മ ഉപേക്ഷിച്ച ഒരു മകന്റെ കഥ പറയുന്ന’ മറ്റു സമാന ചിത്രങ്ങളിൽ നിന്ന് “അരവിന്ദന്റെ അതിഥികളെ” വ്യത്യസ്തമാക്കുന്നത്.
എം.മോഹനന്റെ കഥ പറയുന്ന ശൈലിയെയും, സംവിധാന മികവിനെയും പ്രശംസിക്കുക തന്നെ വേണം. പ്രകടനത്തിൽ എല്ലാ താരങ്ങളും അവരുടെ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് ഇതിലെ അരവിന്ദൻ.ചെറുതെങ്കിലും നല്ല കൗണ്ടറുമായി ശ്രീനിവാസനും തിളങ്ങുന്നു. സൗമ്യവും മിതത്വവും ശാലീനതയും എല്ലാ ചേർന്ന അഭിനയത്തിലൂടെ നിഖില വിമൽ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങുന്നു. ഉർവശി വീണ്ടും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഗംഭീരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്നു, കയ്യടി നൽകേണ്ട പ്രകടനം.
വിനീതിന്റെ കുട്ടികാലം അവതരിപ്പിച്ച ബാലതാരവും മികച്ചു നിന്നു. പക്ഷേ ഈ സിനിമയിൽ പ്രേക്ഷകരെ ശെരിക്കും പ്രകടനം കൊണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് സിനിമയുടെ അവസാന സീനുകളിൽ വരുന്ന ശാന്തികൃഷ്ണയുടെ കലക്കൻ അഭിനയമാണ്.
ഒരു സിനിമയ്ക്ക് പശ്ചാത്തല സംഗീതം എത്രമാത്രം മുതൽകൂട്ടാവുമെന്നതിനു ഏറ്റവും മികച്ച ഉദാഹരണമാണ് ഇതിലെ ഷാൻ റഹ്‌മാന്റെ പശ്ചാത്തല സംഗീതം. ഇതിന്റെ ക്ലൈമാക്സ് പുരോഗമിക്കുന്നതു വിനീത് ശ്രീനിവാസന്റെ പാട്ടിന്റെ അകമ്പടിയോടുകൂടിയാണ്. മനോഹരമായി ചെയ്ത ഈ സംഗീതത്തിന് ഷാന് പ്രത്യേക അഭിനന്ദനം.
അതുപോലെ അടുത്തകാലത്തു നാം കേട്ട മികച്ച ഒരു ഗാനമാണ് വിനീത് ശ്രീനിവാസൻ ആലപിച്ച “രാസാത്തി” എന്ന ഗാനം. മറ്റു ഗാനങ്ങളും ഹൃദ്യമാണ്. കുടജാദ്രിയുടെ മനോഹാരികത അതുപോലെ തന്നെ ക്യാമറയിൽ ആവാഹിച്ചിരിക്കുന്നു സ്വരൂപ് ഫിലിപ്പ് തന്റെ ഛായാഗ്രഹണത്തിലൂടെ രഞ്ജൻ അബ്രാമിന്റെ എഡിറ്റിംഗും നന്നായി.
സാരാംശം:
മൂകാംബികയിലേക്കു ഒരു തീർത്ഥാടനത്തിന് പോയി, അവിടെ മാധവനെയും, അരവിന്ദനെയും വരദയെയും പോലെ നന്മയുള്ള കുറെ മനുഷ്യരെ പരിചയപെട്ടു തിരിച്ചു വന്ന ഒരു സുഖമുള്ള അനുഭവം പ്രേക്ഷകന് നൽകും “അരവിന്ദന്റെ അതിഥികൾ” എന്ന ചിത്രം.
ലളിതവും മനോഹരവുമായ ഒരു കൊച്ചു ചിത്രം. ഭാവതീവ്രമായ നല്ല കുറച്ചധികം മുഹൂർത്തങ്ങൾ, ചിരിപ്പിക്കുന്ന നല്ല ഹാസ്യം, സംഗീത സാന്ദ്രമായ അവതരണം, മൂകാംബികയുടെ ചൈതന്യം ആവാഹിച്ചു പകർത്തിയ കാഴ്ചകൾ. ഈ അരവിന്ദനും അതിഥികളും നിരാശപ്പെടുത്തില്ല.
ധൈര്യമായി തീയേറ്ററിൽ തന്നെ പോയി കണ്ടാസ്വദിക്കുവാൻ കഴിയുന്ന ചിത്രമാണ് “അരവിന്ദന്റെ അതിഥികൾ”.
Rating: 4/5
Review by: B.M.K
14.05.2018